ബൗളര്‍മാര്‍ മങ്കാഡിംഗ് ചെയ്യാന്‍ മടി വിചാരിക്കരുത് – ഹര്‍ഷ ബോഗ്ലേ

ക്രിക്കറ്റില്‍ മങ്കാഡിംഗ് നിര്‍ബന്ധമാക്കേണ്ടതുണ്ടെന്നും ബാറ്റ്സ്മാന്മാര്‍ അനാവശ്യമായ ആനുകൂല്യം ക്രീസില്‍ നിന്ന് നേരത്തെ ഇറങ്ങി സ്വന്തമാക്കുന്നുണ്ടെന്നും പറഞ്ഞ് ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ബോഗ്ലേ. ഇന്നലെ ചെന്നൈയും രാജസ്ഥാനും തമ്മിലുള്ള മത്സരത്തിനിടെ ഡ്വെയിന്‍ ബ്രാവോ ബൗളര്‍ പന്തെറിയുന്നതിന് മുമ്പ് തന്നെ ക്രീസ് വിട്ട് ഏറെ മുന്നിലെത്തിയത് കണ്ടപ്പോളാണ് ബോഗ്ലേ തന്റെ അഭിപ്രായം പങ്കുവെച്ചത്.

മത്സരത്തിലെ അവസാന ഓവറുകളില്‍ മുസ്തഫിസുര്‍ ഒരു നോബോള്‍ എറിഞ്ഞപ്പോള്‍ കാണിച്ച റീപ്ലേയില്‍ ആണ് ഡ്വെയിന്‍ ബ്രാവോ ഏകദേശം ഒരു യാര്‍ഡ് ക്രീസില്‍ നിന്നും വിട്ട് നില്‍ക്കുന്നത് കണ്ടത്. മങ്കാഡിംഗ് സ്പിരിറ്റ് ഓഫ് ദി ഗെയിമിന് പുറത്തുള്ള കാര്യമാണെന്ന് പറയുന്നത് അസംബന്ധമാണെന്നും ബാറ്റ്സ്മാന്മാര്‍ നേടുന്ന അനാവശ്യ ആനുകൂല്യം ഇല്ലാതാക്കുവാന്‍ ബൗളര്‍മാര്‍ മങ്കാഡിംഗ് ചെയ്യണമെന്നും ഹര്‍ഷ പറഞ്ഞു.