കേരള പ്രീമിയർ ലീഗ് 2018-19 സീസൺ തുടക്കത്തിന് ഇനി ഏഴു ദിവസം മാത്രം. ഡിസംവർ ഒമ്പതിന് കൊച്ചിയിൽ ആകും കേരള ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റായ കേരള പ്രീമിയർ ലീഗിന് തുടക്കമാവുക. ഡിസംബർ എട്ടിനാണ് ആദ്യം ഉദ്ഘാടന മത്സരം നടത്താൻ തീരുമാനിച്ചത് എങ്കിലും സാങ്കേതിക കാരണങ്ങളാൽ ഡിസംബർ ഒമ്പതിലേക്ക് മാറ്റുകയായിരുന്നു.
ഉദ്ഘാടന മത്സരത്തിൽ കെ പി എല്ലിൽ ആദ്യമായി പങ്കെടുക്കുന്ന ആർ എഫ് സി കൊച്ചിയെ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീം നേരിടും. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈൻ ആയി കാണാനും സൗകര്യം ഉണ്ടാകും.
14 ടീമുകൾ പങ്കെടുക്കും എന്നാണ് ആദ്യ കെ എഫ് എ പറഞ്ഞത് എങ്കിലും 11 ടീമുകൾ മാത്രമെ ഇത്തവണ ലീഗിൽ ഉണ്ടാവുകയുള്ളൂ. പല ഡിപാർട്മെന്റ് ടീമുകളും അവസാന നിമിഷം പിൻവലിഞ്ഞതാണ് 11 ടീമായി ലീഗ് ചുരുങ്ങാൻ കാരണം. ഗോകുലം കേരള എഫ് സിയാണ് നിലവിലെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.
ലീഗിലെ ടീമുകൾ:
ഗോകുലം കേരള എഫ് സി, കേരള ബ്ലാസ്റ്റേഴ്സ്, എഫ് സി കേരള, എഫ് സി തൃശ്ശൂർ, സാറ്റ് തിരൂർ, ക്വാർട്സ് കോഴിക്കോട്, എഫ് സി കൊച്ചി, കോവളം എഫ് സി, ഗോൾഡൻ ത്രെഡ്സ്, എസ് ബി ഐ, ഇന്ത്യൻ നേവി