കേരള പ്രീമിയർ ലീഗിൽ ഗോകുലം ചരിത്രം കുറിച്ചു. ഇന്ന് ഗ്രൂപ്പിലെ എട്ടാം മത്സരവും ജയിച്ചതോടെ പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണ് ഗോകുലം. ഹോം എവേ ഫോർമാറ്റിൽ മത്സരങ്ങൾ നടത്താൻ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഒരു ടീം കേരള പ്രീമിയർ ലീഗിലെ ഗ്രൂപ്പ് മത്സരങ്ങളും വിജയിക്കുന്നത്. ഇന്ന് തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എഫ് സി കേരളയെ ആണ് ഗോകുലം തോൽപ്പിച്ചത്.
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിലാണ് ഗോകുലത്തിന്റെ രണ്ടു ഗോളുകളും പിറന്നത്.40ആം മിനുട്ടിൽ സബായും 45ആം മിനുട്ടിൽ സഞ്ജുവുമാണ് ഗോകുലത്തിനായി ഇന്ന് ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ഉസ്മാൻ സയ്യിദാണ് എഫ് സി കേരളയ്ക്കായി ഗോൾ നേടിയത്. എങ്കിലും ആ ഗോളിന് എഫ് സി കേരളയെ രക്ഷിക്കാനായില്ല.
എട്ടിൽ എട്ടു ജയത്തോടെ 24 പോയന്റുമായി ഗോകുലം കേരള എഫ് സി ഗ്രൂപ്പ് ബിയിൽ ഒന്നാമത് ഫിനിഷ് ചെയ്തു. കളിച്ച മൂന്ന് സീസണിലും സെമി ഉറപ്പിച്ചു എന്ന നേട്ടം നേരത്തെ ഗോകുലം സ്വന്തമാക്കൊയിരുന്നു. കഴിഞ്ഞ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച എട്ട് മത്സരങ്ങളിൽ ഏഴു മത്സരങ്ങൾ ഗോകുലം വിജയിച്ചിരുന്നു. ഇത്തവണ അത് എട്ടായി. കഴിഞ്ഞ സീസണിലെ ലീഗ് ചാമ്പ്യന്മാരാണ് ഗോകുലം കേരള എഫ് സി.
ഇന്നത്തെ പരാജയം 9 പോയിന്റ് മാത്രമുള്ള എഫ് സി കേരളയെ മൂന്നാം സ്ഥാനത്താക്കി. ഷൂട്ടേഴ്സ് പടന്ന 12 പോയന്റുമായി രണ്ടാമത് എത്തി.