കടം വീട്ടി എഫ് സി തൃശ്ശൂർ, സ്റ്റൊഹാനോവിചിനെ ഇറക്കിയിട്ടും കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി

- Advertisement -

കേരള പ്രീമിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പകവീട്ടി എഫ് സി തൃശ്ശൂർ. കഴിഞ്ഞ മത്സരത്തിൽ തൃശ്ശൂരിൽ വെച്ച് തങ്ങളെ തോൽപ്പിച്ചതിന് ഇന്ന് കൊച്ചിയിൽ വെച്ചായിരുന്നു തൃശ്ശൂർ പകവീട്ടിയത്. ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് തൃശ്ശൂർ തോൽപ്പിച്ചത്. ഇതേ സ്കോറിന് തന്നെ ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ തൃശ്ശൂർ പരാജയപ്പെട്ടതും.

ഇന്ന് കളിയുടെ 31ആം മിനുട്ടിലും 66ആം മിനുട്ടിലുമായിരുന്നു തൃശ്ശൂരിന്റെ ഗോളുകൾ. ആദ്യം സിബിൻ വർഗീസും രണ്ടാം പകുതിയിൽ ഉചെയും ഗോളുകൾ നേടി. ഐ എസ് എല്ലിൽ കളിക്കുന്ന സ്ലാവിസ സ്റ്റൊഹാനോവിചിനെ വരെ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത് ഇറക്കിയിരുന്നു. എങ്കിലും വിജയം നേടാനായില്ല. കളിയുടെ 82ആം മിനുട്ടിൽ സുരജ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ അഞ്ചു മത്സരങ്ങളിൽ നിന്ന് എഫ് സി തൃശ്ശൂരിന് 10 പോയന്റായി. എങ്കിലും 12 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. കേരള ബ്ലാസ്റ്റേഴ്സ് ആറു മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

Advertisement