കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരം സമനിലയിൽ. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്ന് എഫ് സി തൃശ്ശൂരും സാറ്റ് തിരൂരും ആയിരുന്നു ഏറ്റുമുട്ടിയത്. ആവേശകരമായ മത്സരം 2-2 എന്ന നിലയിൽ അവസാനിച്ചു. കളിയുടെ അവസാന നിമിഷം ബിനീഷ് ബാലൻ നേടിയ ഒരു ആക്രോബാറ്റിക്ക് ഗോളാണ് എഫ് സി തൃശ്ശൂരിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.
മത്സരത്തിൽ രണ്ട് തവണയാണ് എഫ് സി തൃശ്ശൂർ പിറകിൽ പോയത്. ആദ്യം 49ആം മിനുട്ടിൽ ഇബ്രഹീം കബ്ബയിലൂടെ സാറ്റ് മുന്നിൽ എത്തി. തുടർന്ന് പൊരുതി 59ആം മിനുട്ടിൽ അഖിലിലൂടെ തൃശ്ശൂർ ഒപ്പം എത്തി. മിനേർവ പഞ്ചാബിൽ നിന്ന് ലോണടിസ്ഥാനത്തിൽ എത്തിയാണ് അഖിൽ വീണ്ടും എഫ് സി തൃശ്ശൂരിനായി കളിക്കുന്നത്. 67ആം മിനുട്ടിൽ അയ്യൂബിലൂടെ വീണ്ടും സാറ്റ് ലീഡ് എടുത്തു.
അപ്പോഴും പരാജയം സമ്മതിക്കാൻ തൃശ്ശൂർ തയ്യാറായില്ല. കളിയുടെ ഇഞ്ച്വറി ടൈമിൽ ആണ് അസാമാന്യ ഫിനിഷിലൂടെ ബിനീഷ് ബാലൻ സമനില കണ്ടെത്തിയത്. ബിനീഷിന്റെ പഴയ കാല ഫോമിന്റെ ഒരു ഓർമ്മ പുതുക്കൽ കൂടിയായി ആ സ്ട്രൈക്ക്. ഇന്നത്തെ സമനില എഫ് സി തൃശ്ശൂരിനെ 4 പോയിന്റിൽ എത്തിച്ചു.