യുപിയേയും തകര്‍ത്ത് കേരള പോലീസ് മുന്നോട്ട്

- Advertisement -

മലപ്പുറം: ബി എന്‍ മല്ലിക്ക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കേരളം ഉത്തര്‍ പ്രദേശ് പോലീസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. കേരളത്തിന് വേണ്ടി ഷനൂപ്,അഭിജിത്, ജിംഷാദ് എന്നിവരാണ് ഗോള്‍ നേടിയത്.
പ്രീക്വാര്‍ട്ടറിലെത്താന്‍ വിജയം മാത്രം ലക്ഷ്യമിട്ട് കളത്തിലിറങ്ങിയ കേരള പോലീസ് തുടക്കത്തില്‍ പതറി. കേരള താരങ്ങളില്‍ നിന്നും പന്ത് തട്ടിയെടുത്തോടെ നേരിയ ആശങ്ക സൃഷ്ടിച്ചെങ്കിലും ഷനൂപിന്റെ ഗോളോടെ നിരന്തരം ആക്രമണം അഴിച്ചു വിട്ട് യുപിയെ വരുതിയില്‍ നിര്‍ത്തുകയായരുന്നു. ആദ്യ പകുതിയില്‍ 33-ാം മിനിറ്റില്‍ മുന്നേറ്റനിര താരം ഷനൂപ് ആണ് കിടിലന്‍ ഷോട്ടോടെ ഗോള്‍ നേടിയത്. ചാംപ്യന്‍ഷിപ്പില്‍ ഷനൂപിന്റെ രണ്ടാം ഗോളാണിത്

47-ാം മിനിറ്റില്‍ അഭിജിത് ഗോളിയെ കാഴ്ചക്കാരനാക്കി വലയുടെ ഇടതു മൂലയിലേക്ക് ചെത്തിയിട്ട് ഗോള്‍ നേടി. 53-ാംമിനിറ്റില്‍ ഗോള്‍ കീപ്പറുടെ പിഴവിലായിരുന്നു ലക്ഷ്യം നേടിയത്. ഇടതു വിങ്ങില്‍ നിന്നും ശ്രീരാഗിന്റെ കിടിലന്‍ ഷോട്ട് പിടിച്ചെടുക്കുന്നതിനിടെ ഗോളിയുടെ കൈയില്‍ നിന്നും വഴുതി വീണത് ജിംഷാദ് വലയിലേക്ക് തിരിച്ചു വിട്ടു. (3-0).

അവസാന നിമിഷം കാല്‍ഡസനിലധികം ഗോളവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തി. രണ്ടാം പകുതിയില്‍ മുന്‍ അന്താരാഷ്ട്രാതാരം ഐ എം വിജയന്‍ കളത്തിലിറങ്ങി. കൃത്യമായ ക്രോസുകള്‍ ഇപ്പോഴും തനിക്ക് വഴങ്ങുമെന്ന് വിജയന്‍ തെളിയിച്ചു. കേരളം നാളെ ആസാമുമായി മത്സരിക്കും.

Advertisement