ഐ എസ് എൽ, ഐ ലീഗ്, സന്തോഷ് ട്രോഫി… സന്തോഷിക്കാൻ ഒന്നുമില്ലാതെ കേരള ഫുട്ബോൾ

- Advertisement -

കഴിഞ്ഞ സീസൺ അവസാനിക്കുമ്പോൾ കേരള ഫുട്ബോളിന്റെ നല്ല കാലം തിരിച്ചുവന്നു എന്നൊരു തോന്നൽ ഉണ്ടായിരുന്നു. ഐ ലീഗിൽ ഗോകുലം കേരള എഫ് സി ജയന്റ് കില്ലേഴ്സ് ആയി ഇന്ത്യൻ ഫുട്ബോളിനെ വിറപ്പിക്കുന്നു, ഐ എസ് എല്ലിൽ ഡേവിഡ് ജെയിംസിന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് താളം കണ്ടെത്തുന്നത് പോലെ തോന്നിയ കാലം, ഒപ്പം സന്തോഷ് ട്രോഫിയിൽ വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കിരീടവും.

പക്ഷെ കുറച്ചു കാലങ്ങൾ കൊണ്ട് എല്ലാം നേരെ തലതിരിഞ്ഞിരിക്കുന്നു. ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് തപ്പിതടഞ്ഞ് കുഴി ഇല്ലാത്തെടുത്ത് വരെ കുഴി തോണ്ടി വീഴുന്നു‌‌. ഗോകുലം കേരള എഫ് സി ആണെങ്കിൽ റിലഗേഷൻ ഭീഷണിയിൽ, ഇന്നലെ സന്തോഷ് ട്രോഫിയിൽ ഫൈനൽ റൗണ്ട് കാണാതെ കേരളം പുറത്താവുക കൂടെ ചെയ്തതോടെ എല്ലാം പൂർണ്ണം.

അവസാന രണ്ടു സന്തോഷ് ട്രോഫി സീസണുകൾ കേരളത്തിന് മികച്ച പല താരങ്ങളെയും ഫുട്ബോൾ മെയിൻ സ്ട്രീമിന് പരിചയപ്പെടുത്തി കൊടുക്കാൻ ആയിരുന്നു. കഴിഞ്ഞ സീസണിൽ അഫ്ദാൽ, ജിതിൻ എം എസ്. അതിനു മുമ്പ് നടന്ന സന്തോഷ് ട്രോഫിയിൽ സഹൽ, ജോബി ജസ്റ്റിൻ, ജിഷ്ണു ബാലകൃഷ്ണൻ..അങ്ങനെ അങ്ങനെ. ഇത്തവണ ഒരു പേരു പോലും ദേശീയ ഫുട്ബോളിന് പരിചയപ്പെടുത്തി കൊടുക്കാതെയാണ് സന്തോഷ് ട്രോഫിയിൽ നിന്ന് കേരളം പുറത്തായത്.

സന്തോഷ് ട്രോഫിയിൽ ഇത്തവണ ടീം സെലക്ഷനൊക്കെ ആണ് പഴി കേൾക്കുന്നത് എങ്കിലും അമിതാത്മവിശ്വാസമാണ് കേരളത്തിന് പറ്റിയ വലിയ പിഴവെന്ന് പറയേണ്ടി വരും. അവസാന വർഷങ്ങളിലെ യോഗ്യതാ റൗണ്ടിലും ഈ അലസത കണ്ടതാണെങ്കിലും അന്നൊന്നും വില കൊടുക്കേണ്ടി വന്നില്ല എന്നു മാത്രം.


ഐലീഗിൽ ഗോകുലം കേരള എഫ് സിക്ക് ഇപ്പോഴും ആരൊക്കെയാണ് ടീമിൽ ഉള്ളത് എന്നറിയുമോ എന്ന് സംശയമാണ്. എത്ര താരങ്ങളെയാണ് സീസൺ മധ്യത്തിൽ വെച്ച് റിലീസ് ചെയ്തത് എന്നും സൈൻ ചെയ്തത് എന്നും ക്ലബ് മാനേജ്മെന്റിന് എങ്കിലും കണക്കുണ്ടായാൽ നല്ലത്. നല്ല കളി കളിച്ചപ്പോൾ മുപ്പതിനായിരത്തോളം പേരെ സ്റ്റേഡിയത്തിൽ കയറ്റി റെക്കോർഡ് ഇട്ട ടീമാണ് ഗോകുലം. പൊടുന്നനെ ഗോകുലം എങ്ങനെ ഇങ്ങനെ തകർന്നു എന്നത് ഒരു പഠന വിഷയമാക്കേണ്ട കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ ഫുട്ബോൾ ശൈലി ഒക്കെ പ്രശ്നം ആയിരുന്നു എങ്കിൽ ഗോകുലത്തിന് ഒരിക്കലും കളി ശൈലി പ്രശ്നമായിരുന്നില്ലം സ്വന്തമായി ഒരു ഐഡന്റിറ്റി ഫുട്ബോൾ സ്റ്റൈലിൽ ഉണ്ടാക്കാൻ ഈ ചെറിയ കാലത്തിൽ തന്നെ ഗോകുലത്തിന് ഉണ്ടായിട്ടുണ്ട്.

കേരള ഫുട്ബോളിനെ കുറിച്ച് മികച്ച ധാരണയുള്ളവരാണ് ഗോകുലത്തിന് ഒപ്പം ഉള്ളത് എന്നത് കൊണ്ട് തന്നെ ഈ സീസണിൽ റിലഗേഷനിൽ പെടാതെ ഇരുന്നാൽ ഗോകുലം തിരികെ മികച്ച നിലയിലേക്ക് വരും എന്ന് ഉറപ്പിക്കാം.

കേരള ബ്ലാസ്റ്റേഴ്സ് ആകും കേരള ഫുട്ബോളിന് ഈ സീസണിൽ ഏറ്റവും നിരാശ നൽകിയിട്ടുണ്ടാകാം. പ്രതീക്ഷ കൂടുതൽ അവരിൽ ആയിരുന്നത് കൊണ്ടാണ് നിരാശയും അവരിൽ നിന്ന് കൂടുതൽ കിട്ടുന്നത്. ഡേവിഡ് ജെയിംസിന്റെ ഫുട്ബോളിൽ ഇല്ലാത്ത ടാക്ടിക്സിന് അടിമപ്പെടേണ്ടി വന്ന് ടീമിന്റെ സത്ത തന്നെ ടീമിനു നഷ്ടപെട്ടു. ടീമിനു വേണ്ടി മുഴുവൻ ഊർജ്ജവും കൊടുത്തിരുന്ന സി കെ വിനീതിനെ പോലുള്ള താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ നഷ്ടമായി. സഹൽ അബ്ദുൽ സമദ് എന്ന ഒരൊറ്റ പോസിറ്റീവ് ആണ് കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ഇത്തവണ കേരള ഫുട്ബോളിന് ലഭിച്ചത്.

ഈ ക്ലബുകൾ മാത്രമല്ല കേരള ഫുട്ബോൾ അസോസിയേഷനും ഫുട്ബോൾ പ്രേമികളെ നിരാശയിലാക്കുകയാണ്. 5 മാസം നീണ്ടു നിക്കുന്ന കേരള പ്രീമിയർ ലീഗ് ആകും ഇത്തവണ നടത്തുന്നത് എന്ന് പറഞ്ഞപ്പോൾ ആരും കരുതിയില്ല രണ്ട് കളി കഴിഞ്ഞ് രണ്ട് മാസം ഇടവേള എടുത്താണ് ഇവർ ലീഗിന്റെ നീളം അഞ്ചു മാസം ആക്കുക എന്ന്. പോരാത്തതിന് ലീഗ് നടന്നു കൊണ്ടിരിക്കുമ്പോൾ ടീം പിന്മാറുന്നതും പുതിയ ടീം വരുന്നതുമായ ലോകാത്ഭുതത്തിൽ ഒന്ന് കാണിക്കാനും കെ എഫ് എയ്ക്ക് ഇത്തവണയായി. കേരള പ്രീമിയർ ലീഗ് ഇനി എന്ന് പുനരാരംഭിക്കും എന്ന്, ഖത്തർ ഏഷ്യാകപ്പ് നേടും എന്ന് പ്രവചിച്ച, സാവിക്ക് പോലും പ്രവചിക്കാൻ കഴിഞ്ഞേക്കില്ല.

ഈ സീസൺ ആരംഭത്തിൽ മലബാറിലെ സെവൻസ് ഗ്യാലറികൾ ഒഴിഞ്ഞു കിടന്നത് ഐ എസ് എല്ലിനും ഐ ലീഗിനും ഒക്കെ പ്രിയം കൂടി വന്നത് കൊണ്ടാണ് എന്ന് ആയിരുന്നു ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തിയിരുന്നത്. നല്ല ഇലവൻസ് കാണാനുള്ളപ്പോൾ സെവൻസ് കാണേണ്ട കാര്യമുണ്ടോ എന്ന് ഫുട്ബോൾ ആരാധകർ തീരുമാനിക്കുകയായിരുന്നു. സീസൺ അവസാനത്തിൽ എത്തിയപ്പോൾ ആ ആരാധകർ ഒക്കെ തിരികെ സെവൻസ് ഗ്യാലറിയിൽ തന്നെ എത്തിയിരിക്കുകയാണ്. നല്ല കളി സെവൻസിൽ എങ്കിൽ അത് കാണാം എന്നാണ് ഇപ്പോൾ ഫുട്ബോൾ പ്രേമികളുടെ തീരുമാനം.

ദേശീയ ലീഗിൽ കളിക്കുന്ന രണ്ട് പ്രൊഫഷണൽ ക്ലബുകൾ ഉള്ള ഒരു സംസ്ഥാനത്തെ ഫുട്ബോൾ ഇങ്ങനെ പിറകോട്ട് പോകുന്നു എങ്കിൽ അത് ദുർവിധി അല്ല മറിച്ച് ആ ക്ലബുകളുടെയും കേരള ഫുട്ബോളിന്റെ തലപ്പത്ത് ഉള്ളവരുടെയും പ്രശ്നം ആണ്. കേരള ഫുട്ബോളിന് ഇനിയും വൈകാതെ മരുന്ന് കൊടുത്ത് തുടങ്ങണം എന്ന അപേക്ഷയെ ഫുട്ബോൾ പ്രേമികൾക്കുള്ളൂ. വീണ്ടും യൂറോപ്യൻ ക്ലബുകളുടെ ജേഴ്സിയിലേക്ക് അവരെ മടക്കരുത്.

Advertisement