ഇന്ന് കേരള ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റക്കാരുടെ ദിനം

- Advertisement -

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്നത്തെ പ്രീസീസൺ മത്സരം ബ്ലാസ്റ്റേഴ്സിൽ അരങ്ങേറ്റം കുറിക്കുന്നവരുടെ നീണ്ട നിരയ്ക്ക് തന്നെ സാക്ഷിയാകും. ഇന്ന് പരിക്കേറ്റ് പുറത്ത് ഇരിക്കുന്ന രണ്ട് പേരെ മാറ്റി നിർത്തിയാൽ ബാക്കിയുള്ള 29 അംഗ സ്ക്വാഡിൽ 18പേരും കേരള ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി ഇതുവരെ കളിക്കാത്തവരാണ്. 18 പേരിൽ മിക്കവരുടെയും അരങ്ങേറ്റത്തിന് ഇന്ന് കലൂർ സ്റ്റേഡിയം സാക്ഷിയാകും.

ഗോൾകീപ്പർമാരിൽ ധീരജ് സിംഗ്, നവീൻ കുമാർ, സുജിത് എന്നിവരിൽ ആരും ഇതുവരെ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിനായി ജേഴ്സി അണിഞ്ഞിട്ടില്ല. ആറ് വിദേശ താരങ്ങളിൽ ഫോർവേഡ്സായ പൊപ്ലാനിക്, സ്ലാവിയ ഒപ്പം ഡിഫൻഡർ സിറിൽ കാലി ഇവർ മൂന്ന് പേർക്കും ഇന്ന് മഞ്ഞ ജേഴ്സിയിൽ അരങ്ങേറ്റമാകും. ബ്ലാസ്റ്റേഴ്സ് ടീമിലെ പുതിയ മലയാളികളായ അനസ് എടത്തൊടിക, എം പി സക്കീർ, അഫ്ദാൽ, ജിതിൻ എന്നിവർക്കും ഇന്ന് അരങ്ങേറ്റം നടത്താൻ അവസരം ലഭിച്ചേക്കും.

കഴിഞ്ഞ സീസൺ മുതൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടെങ്കിലും ജിഷ്ണു ബാലകൃഷ്ണനും ഋഷിദത്തിനും ഇതുവരെ സീനിയർ അരങ്ങേറ്റത്തിന് കഴിഞ്ഞിരുന്നില്ല. ജിഷ്ണു കഴിഞ്ഞ വർഷം പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിനായി ബൂട്ടികെട്ടിയിരുന്നു എങ്കിലും ഒരു വലിയ വേദിയിൽ ആദ്യമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement