ഇന്ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിനെ പരാജയപ്പെടുത്തി. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ഇതാദ്യമായാണ് ചെന്നൈയിൽ ചെന്ന് ചെന്നൈയിനെ തോൽപ്പിക്കുന്നത്.
മത്സരം ആരംഭിച്ച് മൂന്നാം മിനുറ്റിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. കോറോ നടത്തിയ നീക്കത്തിന് ഒടുവിൽ പന്ത് ജീസസിൽ എത്തി. ജീസസ് ഗോൾ കണ്ടെത്താൻ പ്രയാസമായിരുന്ന ആങ്കിളിൽ നിന്ന് വല കണ്ടെത്തി. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ഏറ്റവും വേഗതയാർന്ന ഗോളായിരുന്നു ഇത്.
ഇതിനു പിന്നാലെ ജീസസിന് ഒരു അവസരം കൂടെ കിട്ടി എങ്കിലും ആ ഷോട്ട് നവാസ് തടഞ്ഞു. മറുവശത്ത് ചെന്നൈയിന്റെ ഒരു ഹെഡർ മനോഹരമായി സച്ചിൻ സേവ് ചെയ്യുകയും ചെയ്തു.
മത്സരത്തിന്റെ 36ആം മിനുറ്റിൽ ചെന്നൈയിന്റെ ജോർദൻ വിൽമാർ ചുവപ്പ് കണ്ട് പുറത്തായി. മിലോസിനെ ഫൗൾ ചെയ്തതിന് ആയിരുന്നു റെഡ് കാർഡ്. ഇതോടെ ചെന്നൈയിൻ 10 പേരായി ചുരുങ്ങി. ഇതിനു ശേഷം അറ്റാക്ക് കൂടുതൽ ശക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ കോറോയിലൂടെ ലീഡ് ഇരട്ടിയാക്കി. സ്കോർ 2-0.
രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 56ആം മിനുറ്റിൽ പെപ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് മൂന്നാക്കി ഉയർത്തി. ലൂണയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു ശേഷം കൂടുതൽ ഗോളുകൾ അടിക്കാനുള്ള അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ചു എങ്കിലും അത് ടീം മുതലാക്കിയില്ല. 91ആം മിനുട്ടിൽ വിൻസി ബരെറ്റോയിലൂടെ ചെന്നൈയിൻ ആശ്വാസ ഗോൾ നേടി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 24 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു. ചെന്നൈയിൻ 18 പോയിന്റുമായി 10ആം സ്ഥാനത്ത് നിൽക്കുന്നു.