വയനാടിന്റെ സ്വന്തം കെ.സി.ജംഷാദ് ഇനി മികച്ച ഫുട്ബോൾ താരവും പരിശീലകനും മാത്രമല്ല മികച്ച കോളേജ് കായികാധ്യാപകനും കൂടിയായിരിക്കും

- Advertisement -

ഇഷ്ട്ടപ്പെട്ട മേഖലയിൽ ജോലി ലഭിക്കുക എന്നത് സർവ്വരുടെയും ആഗ്രഹമാണ് എന്നാൽ അത് ഗസറ്റഡ് ഒഫീസറായി തന്നെ വേണം എന്നത് അത്യാഗ്രഹമല്ലേ!?
എങ്കിൽ വയനാട് നെടുങ്കരണയിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ മകനായി ജനിച്ച ജംഷാദിനെ സംബന്ധിച്ച് അത് അർഹതയുള്ളവനെ തേടി വന്ന അംഗീകാരം മാത്രമാണ്.
അർജ്ജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനുമായിരുന്ന സാക്ഷാൽ ഐ.എം വിജയൻ കായിക താരങ്ങൾ തങ്ങളുടെ സ്പോർട്സ് കരിയറിനൊപ്പം വിദ്യാഭ്യാത്തിനും പ്രാധാന്യം നൽകേണ്ടതിന്റെ ആവശ്യകത വേണ്ടത്ര വിദ്യാഭ്യാസം നേടാതെ പോയതിനാൽ തനിയ്ക്കിന്ന് കായിക മേഖലയിൽ പോലും ഉണ്ടായിക്കൊണ്ടിരിയ്ക്കുന്ന സുവർണ്ണാവസര നഷ്ടങ്ങളെ ചൂണ്ടിക്കാണിച്ചു കൊണ്ട് സോഷ്യൽ മീഡിയകയിലൂടെ കേരളത്തിലെ യുവ കായിക പ്രതിഭകളെ ഉണർത്തിയപ്പോൾ ഏറെ സന്തോഷിച്ചിട്ടുണ്ടാകുക വയനാട്ടിൽ നിന്നും ഏറെ പ്രശസ്തനായ ഫുട്ബോൾ താരവും യുവ പരിശീലകനുമായ ഈ പോലീസ് ഉദ്യോഗസ്ഥൻ തന്നെയായിരിയ്ക്കും.

സ്കൂൾ വിദ്യാർത്ഥിയായിരിയ്ക്കെ തന്നെ ഇന്ത്യൻ സ്കൂൾ ഫുട്ബോൾ ടീമിന്റെ ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് കൊണ്ട് സംസ്ഥാന – ദേശീയ തലങ്ങളിൽ തന്റെ അസാമാന്യ ഫുട്ബോൾ പ്രതിഭ തെളിയിച്ച ജംഷാദ് അക്കാലം മുതലേ മികച്ച വിദ്യാഭ്യാസ നിലവാരവും പുലർത്തി വന്നിരുന്നു. ബി.കോം ഡിഗ്രിയും കായിക വിദ്യാഭ്യാസത്തിൽ ബിരുദവും(BPEd) ബിരുദാനന്തര ബിരുദവും (MPEd) പിന്നിട്ട് കായിക വിദ്യാഭ്യാസത്തിൽ ഗവേഷണത്തിൽ(PhD) ഏർപ്പെട്ടിരിയ്ക്കുന്നതിനിടയിലാണ് ഏറെ ആകർഷകമായ കോളജ് കായികാധ്യാപക ജോലി ജംഷാദിനെ തേടി എത്തിയിരിയ്ക്കുന്നത്. വയനാട് മാനന്തവാടി ഗവൺമെന്റ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്ന ഗസറ്റഡ് ഓഫീസർ തസ്തികയിലാണ് ജംഷാദിന് കേരള സംസ്ഥാന സർക്കാരിന്റെ നിയമന ഉത്തരവ് ലഭിച്ചിരിയ്ക്കുന്നത്.

ഫുട്ബോളും വിദ്യാഭ്യാസ കാര്യങ്ങളും ഒരേ ആർജ്ജവത്തോടെ ഒരുമിച്ചു കൊണ്ടു പോയത് കൊണ്ട് മാത്രമാണ് ഫെഡറേഷൻ കപ്പ്, ഐ ലീഗ്, സന്തോഷ് ട്രോഫി തുടങ്ങിയ ഇന്ത്യയിലെ അറിയപ്പെടുന്ന ദേശീയ ഫുട്ബോൾ ടൂർണ്ണമെന്റുകളിലും, അന്തർ സർവ്വകലാശാലാ ടൂർണ്ണമെന്റുകളിലും എല്ലാം നിറഞ്ഞാടിയ ജംഷാദിനെ തേടി ഈ സൗഭാഗ്യം വന്നെത്തിയത് എന്ന് ജംഷാദിന്റെ സമകാലീനരായ കായിക താരങ്ങൾക്കും കായിക താരങ്ങളെ നിരീക്ഷിയ്ക്കുന്നവർക്കുമറിയാം. ജംഷാദ് കളിച്ചിട്ടുള്ള ഓരോ ടൂർണ്ണമെന്റുകളിലെയും മികച്ച പ്രകടനത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ആർമി, ഇന്ത്യൻ റയിൽവേ തുടങ്ങിയ സർക്കാർ സർവ്വീസുകളിൽ നാലഞ്ച് വർഷം മുമ്പു തന്നെ ജംഷാദിന് ഡയരക്ട് സ്പോർട്സ് നിയമനം ലഭിച്ചതാണ് എന്നാൽ ആ സമയത്തെ നിയമനങ്ങളെല്ലാം തന്റെ തുടർ പഠനത്തിന് ബ്രേക്കിടും എന്ന ചിന്തയാൽ ആ അവസരങ്ങളെല്ലാം തൽക്കാലം ഉപേക്ഷിച്ച ജംഷാദ് ഏതാനും വർഷങ്ങൾക്കിപ്പുറം പി.എസ്.സി പരീക്ഷയിലൂടെ കേരളാ പോലീസിൽ ലഭിച്ച നിയമനം സ്വീകരിച്ചു.

എന്നാൽ അതിലും എത്രയോ അപ്പുറത്താണ് തന്റെ പ്രതിഭയ്ക്കൊത്ത മേഖല കിടയ്ക്കുന്നത് എന്ന ഉത്തമ ബോധ്യത്തോടെ പോലീസ് സർവ്വീസിൽ നിന്നും വിദ്യാഭ്യാസാവശ്യാർത്ഥം അവധിയെടുത്ത് കൊണ്ട് നേരത്തെ തന്നെ തനിയ്ക്ക് യു.ജി.സി നെറ്റ് പരീക്ഷ വഴി ലഭിച്ച ജൂനിയർ റിസർച്ച് ഫെലോഷിപ്പോടെ (JRF) പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സ്പോർട്സിൽ മുഴുസമയ ഗവേഷണം (Ph.D) നടത്തി വരുന്നതിനിടയിലാണ് ജംഷാദിനെ തേടി താൻ ഏറെ ആഗ്രഹിച്ച ഈ പുതിയ സർക്കാർ നിയമന ഉത്തരവ് വന്നിരിയ്ക്കുന്നത്.

സ്കൂൾ പഠന കാലത്ത് വയനാട് യുണൈറ്റഡ് ഫുട്ബോൾ അക്കാദമിയിൽ നിന്ന് കോച്ച് ഫൈസലിൽ നിന്ന് ലഭിച്ച ഫുട്ബോൾ ബാല പാഠങ്ങളും, കോളജ് പoന കാലത്ത് മുട്ടിൽ ഡബ്ലു.എം.ഒ കോളജിലെ കായികാധ്യാപകൻ കെ.അബിൻ, കോച്ച് വിനോയ്, പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിലെ തന്റെ കായികാധ്യാപകനും പരിശീലകനുമായിരുന്ന ഡോ. എ. പ്രവീൺ എന്നിവരിൽ നിന്നു ലഭിച്ച മികച്ച മാർഗ്ഗ നിർദേശങ്ങളും പരിശീലനവുമാണ് ഈ പ്രതിഭയെ താനാഗ്രഹിച്ചതും ഭാവി തലമുറയിലെ കായിക താരങ്ങൾക്ക് ഏറെ പ്രയോജനവും പ്രചോദനവും നൽകുന്ന സ്ഥാനത്തെത്തിച്ചിരിയ്ക്കുന്നത്.

അധ്യാപകനായും പരിശീലകനായും ജംഷാദ് വരുന്നതോടെ യൂണിവേഴ്സിറ്റി തലത്തിലെത്തുന്ന കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് ജംഷാദിന്റെ സേവനം ഏറെ പ്രയോജനപ്പെടും എന്നതിലേക്ക് വിരൽ ചൂണ്ടുന്ന വസ്തുതയാണ് കഴിഞ്ഞ വർഷം തെന്നിന്ത്യൻ അന്തർ സർവ്വകലാശാലാ വനിതാ ഫുട്ബോളിൽ രണ്ടാം സ്ഥാനക്കാരായിക്കൊണ്ട് ചരിത്രത്തിലാദ്യമായി കാലിക്കറ്റ് സർവ്വകലാശാല അഖിലേന്ത്യാ സർവ്വകലാശാലാ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയപ്പോൾ കാലിക്കറ്റിന്റെ പരിശീലകൻ ആൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) D ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ
(AFC) C, B എന്നീ കോച്ചിംഗ് ലൈസൻസ് കോഴ്സുകൾ പൂർത്തീകരിച്ചിട്ടുള്ള ജംഷാദായിരുന്നു എന്നത്….

നിലവിൽ വയനാട് എ. ആർ ക്യാമ്പിൽ സിവിൽ പോലീസ് തസ്തികയിൽ നിന്ന് പി.എച്ച്.ഡി പഠനാവശ്യാർത്ഥം എടുത്ത അവധിയിലുളള ജംഷാദ് പി.എച്ച്.ഡി. പൂർത്തിയാക്കി ഡോക്ട്ടറേറ്റോടെയായിരിയ്ക്കും താൻ ഏറെ കൊതിച്ച പുതിയ ജോലി സ്വീകരിയ്ക്കുക.

കെ.സി. യാഹു – സഫിയ ദമ്പതികളുടെ മകനാണ് മുപ്പതുകാരനായ ജംഷാദ് ഭാര്യ ഷഹല, മകൾ മിനാൽ ഫാത്തിമ സഹോദരങ്ങൾ ജംഷീർ, ജംഷീന.

Advertisement