മനം കവരുന്ന മാറ്റങ്ങൾ: ഈ ടീമിൽ പ്രതീക്ഷയുണ്ട് | കലിംഗ കനവുകൾ

ഗ്രൂപ്പിലുള്ളതിൽ വെച്ച് കടുപ്പം കുറഞ്ഞ എതിരാളികളാണ് മൊറോക്കോ എന്നതിനാൽ, ഒരല്പം പ്രതീക്ഷയോടെയാണ് കലിംഗ സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചത്. വഴിയിൽ ജേഴ്സിയും റിബണുമൊക്കെ വിൽക്കുന്ന ഒന്നുരണ്ടുപേർ. കോപ്പി എങ്കിൽ കോപ്പി, ഇന്ത്യയുടെ ഒരു ജേഴ്സി വാങ്ങാമെന്ന് വിചാരിച്ച് അടുത്തേക്ക് നടന്നു. നോക്കുമ്പോൾ ഇന്ത്യയുടെ ക്രിക്കറ്റ് ജേഴ്സി! തൊപ്പിയും ബി സി സി ഐ മുദ്രണം പതിച്ചത് തന്നെ. ഇതൊക്കെ വാങ്ങി സ്റ്റേഡിയത്തിലേക്ക് പോവുന്ന ആൾക്കാരും ഉണ്ടായിരുന്നു എന്നതാണ് അതിലേറെ തമാശ. സ്റ്റേഡിയം പരിസരത്ത് ഫിഫ സ്റ്റോർ കണ്ട് പ്രതീക്ഷയോടെ അങ്ങോട്ട് നീങ്ങി. അവിടെ സ്പെയിന്റെയും മറ്റു ചില രാജ്യങ്ങളുടെയും ടി ഷർട്ടുകൾ മാത്രം. ഇന്ത്യയുടേതായി ഒന്നുമില്ല. സ്പെയിനൊന്നും ഭുബനേശ്വറിൽ കളിക്കുന്നില്ലെന്നത് മറ്റൊരു കോമഡി. വഴിയോരക്കച്ചവടക്കാർ മുതൽ ഫിഫക്ക് വരെയും അയിത്തമുള്ള സംഗതിയായി ഇന്ത്യൻ ഫുട്ബോൾ മാറിപ്പോയി എന്ന സങ്കടത്തോടെ ഗാലറിയിലേക്ക് പ്രവേശിച്ചു.

Img 20221015 Wa0071

ഗോൾകീപ്പർ അടക്കം ചില മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ തീർത്തും നിസ്സഹായയായിപ്പോയ അഞ്ജലി മുണ്ടക്ക് പകരം മെലഡി ചാനു. കളി തുടങ്ങി ആദ്യമിനിറ്റുകളിൽ തന്നെ ഇന്ത്യൻ സംഘം തങ്ങളെത്രത്തോളം മാറിയെന്ന് മൊറോക്കോയെയും കാണികളെയും കാണിച്ചു. ഭയമേതുമില്ലാതെ എതിരാളികളെ പ്രതിരോധിക്കാനും ആക്രമിക്കാനും പന്ത് കാലിൽ വെക്കാനും തുനിയുന്ന ഇന്ത്യയെയാണ് ആദ്യപകുതിയിൽ ദർശിച്ചത്‌. മൊറോക്കോയുടെ കീപ്പർക്ക് പലതവണ സേഫ്‌സോൺ വിട്ട് പുറത്തിറങ്ങേണ്ടിവന്നു. കഴിഞ്ഞ തവണ അമേരിക്കൻ കീപ്പർക്ക് പണിയേ ഇല്ലായിരുന്നുവെങ്കിൽ ഇത്തവണ നേരെ വിപരീതമായിരുന്നു അവസ്ഥ. ബ്ലൂപിൽഗ്രിംസിനൊപ്പം ചേർന്ന് ഞങ്ങളും ഇന്ത്യക്കായി ഗാലറിയിൽ ഇടവേളകളില്ലാതെ ആരവം വിതച്ചു. ആദ്യപകുതിയിൽ പിരിയുമ്പോഴുണ്ടായിരുന്ന 0-0 എന്ന സ്‌കോർ ലൈൻ തന്നെയായിരുന്നു ഇന്ത്യൻ സംഘം നേടിയെടുത്ത പുരോഗതിയുടെ സർട്ടിഫിക്കറ്റ്. കഴിഞ്ഞ മത്സരത്തിൽ ഇത് 0-5 ആണെന്നുകൂടി ഓർക്കണം.

Img 20221015 Wa0091

രണ്ടാം പകുതിയിലെ നശിച്ച ഒരു പെനാൽറ്റിയിൽ നിന്നാണ് അഭിശപ്ത നിമിഷങ്ങളുടെ ആരംഭം. അനാവശ്യമായി പെനാൽറ്റി വഴങ്ങിയ ഇന്ത്യ മത്സരത്തിൽ ആദ്യമായി പുറകോട്ടുപോയി. അതുവരെ അഭേദ്യമായി നിലകൊണ്ട മെലഡിയുടെ കൈകൾ ചോർന്നുതുടങ്ങിയ നിമിഷംകൂടിയായിരുന്നു അത്. ഒരു ഈസി ഗോൾ കൂടി വലയിൽ കേറിയതോടെ മൊറോക്കോയുടെ ആക്രമണങ്ങൾ തുടരെത്തുടരെയായി. ഇടയിൽ ഇന്ത്യയ്ക്ക് ലഭിച്ച മികച്ച ഒരവസരത്തോടൊപ്പം പുറത്തേക്ക് പോയത് ബോൾ മാത്രമായിരുന്നില്ല, മത്സരത്തിൽ ഇന്ത്യയ്ക്ക് തിരിച്ചുവരാനുള്ള സാധ്യത കൂടിയായിരുന്നു. ഇഞ്ചുറി ടൈമിൽ ഒരുഗോൾ കൂടിവീണതോടെ ചിത്രം പൂർണ്ണമായി.

0-3 എന്ന സ്‌കോർ ന്യായീകരണങ്ങൾക്ക് പഴുതില്ലാത്ത തോൽവി തന്നെയാണ്. എങ്കിലും ഡെന്നർബി പറഞ്ഞത് പോലെ ഇന്ത്യയുടെ കുട്ടികൾ അഭിമാനിക്കാവുന്ന പ്രകടനം കാഴ്ചവച്ചു. കോച്ചിന്റെ അഭിപ്രായത്തിൽ ഇന്ത്യ മെച്ചപ്പെടാനുള്ളത് ശാരീരിക ക്ഷമതയിലല്ല, സാങ്കേതികതയിലാണ്. ഇന്ത്യൻ താരങ്ങളെ തട്ടി പലതവണ മൊറോക്കോയുടെ പെൺകുട്ടികൾ തെറിച്ചുവീണതും കോച്ചിന്റെ നിരീക്ഷണത്തെ സാധൂകരിക്കുന്നു. കഴിഞ്ഞമത്സരത്തിൽ പാലിച്ച ‘അഹിംസ’ നയം വിട്ടിറങ്ങിയ ഇന്ത്യൻ താരങ്ങൾ ‘ഭഗത് സിംഗ് ലൈനി’ലേക്ക് ഗിയർ മാറ്റുന്നതിനും മത്സരം സാക്ഷിയായി. അനാവശ്യ ബഹുമാനം കാണിക്കാതെ മടിയില്ലാതെ നമ്മുടെ താരങ്ങൾ എതിരാളികളെ സമീപിച്ചു.

Img 20221015 Wa0092

ബ്രസീലിനെതിരെ ഇതിലേറെ തൃപ്തിപ്പെടുത്തുന്ന പ്രകടനം പ്രതീക്ഷിക്കുന്നു; അതൊട്ടും എളുപ്പമല്ലെങ്കിലും. യാഥാർഥ്യ ബോധത്തോടെ, സ്ഥിരോത്സാഹത്തോടെ നമ്മുടെ കുട്ടികളെ മുന്നോട്ടു നടത്തുന്ന ഡെന്നർബിക്ക് അതിനു കഴിയട്ടെ.