കെ ലീഗിൽ ഇന്നത്തെ മത്സരങ്ങളിൽ ജയം കണ്ട് യു.എസ്.സിയും കൈസും

കെ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ യു.എഫ്.സിക്ക് ജയതുടർച്ച. വി.സി.സിക്ക് എതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു യു.എഫ്.സിയുടെ ജയം. നാല് മഞ്ഞകാർഡുകൾ കണ്ട മത്സരത്തിൽ ലക്ഷദ്വീപിനായി സന്തോഷ് ട്രോഫി യോഗ്യതമത്സരങ്ങളിൽ ബൂട്ട് കെട്ടിയ ജാബിറിന്റെ ഇരട്ടഗോൾ പ്രകടനമാണ് യു.എഫ്.സിക്ക് ജയം ഒരുക്കിയത്. യു.എഫ്.സിക്കായി മൂന്നാം ഗോൾ നേടിയ അബു ഷാബിൻ അഷ്ഹദുവിന്റെ ഹാഷിമിനോടൊപ്പം കെ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി. ഇരുവർക്കും ഇപ്പോൾ കെ ലീഗിൽ 37 ഗോളുകൾ വീതമാണ് ഉള്ളത്. രണ്ട് ഗോളുകൾ നേടിയ ജാബിർ ആണ് കളിയിലെ കേമൻ. ബുജെയിർ ആണ് വി.സി.സിയുടെ ആശ്വാസഗോൾ നേടിയത്.

വി.സി.സിക്ക് എതിരെ കഴിഞ്ഞ കളിയിൽ വഴങ്ങിയ സമനിലയിൽ നിന്നു കൈസ് ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ വിജയവഴിയിൽ തിരിച്ചെത്തി. ഗ്രീൻ ലാന്റിന് എതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു കൈസ് ജയം കണ്ടത്. ഗ്രീൻ ലാന്റിന്റെ അക്ബർ മഞ്ഞകാർഡ് കണ്ട മത്സരത്തിൽ സലാഹാണ് കൈസിനായി ഗോൾ കണ്ടത്തിയത്. കൈസിന്റെ മത്സരത്തിലെ രണ്ടാം ഗോൾ ഗ്രീൻ ലാന്റ് ഗോൾ കീപ്പറുടെ ഓൺ ഗോൾ ആയിരുന്നു. സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിൽ ലക്ഷദ്വീപിനായി കളിച്ച കൈസിന്റെ ഷൊഹൈബ് ആണ് കളിയിലെ താരം. കെ ലീഗിൽ നാളത്തെ മത്സരങ്ങളിൽ ജി.എസ്.എസ്.എസ് യു.എഫ്.സിയേയും ഗ്രീൻ ലാന്റ് അഷ്ഹദുവിനെയും നേരിടും.