ജൂനിയർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് സെമിയിൽ, എതിരാളി ബെംഗളൂരു എഫ് സി

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ ഫൈനൽ റൗണ്ടിലെ അവസാന മത്സരം വിജയിച്ച് കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനലിന് യോഗ്യത നേടി. ഇന്ന് റിലയൻസ് യൂത്ത് ടീമിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരത്തിൽ മോഹൻ ബഗാനോട് പരാജയപ്പെട്ടിരുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയിച്ചാൽ മാത്രം പോരായിരുന്നു. ഒപ്പം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ തോൽക്കുകയും ചെയ്യണമായിരുന്നു.

മോഹൻ ബഗാൻ ഇന്ന് ചർച്ചിൽ ബ്രദേഴ്സിനോട് 6-3 എന്ന സ്കോറിന് പരാജയപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സ് ആകട്ടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് റിലയൻസിനെ തോൽപ്പിക്കുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി ക്രിസ്റ്റഫർ, സനതോയ് മീതെ, സുഖം മീതെ എന്നിവരാണ് ഗോളുകൾ നേടിയത്. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ്, ചർച്ചിൽ ബ്രദേഴ്സ്, മോഹൻ ബഗാൻ എന്നീ ടീമുകൾക്ക് 6 പോയന്റ് വീതമായി. മെച്ചപ്പെട്ട ഗോൾ ശരാശരി കേരള ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചു. സെമിയിൽ ബെംഗളൂരു എഫ് സിയാകും കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. മെയ് 27നാണ് സെമി ഫൈനൽ നടക്കുക.