മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ആദ്യ ദിവസത്തിൽ വയനാടിനും തിരുവനന്തപുരത്തിനു വിജയം. ഇന്ന് രാവിലെ ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ കോട്ടയത്തെ ആണ് വയനാട് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു വയനാടിന്റെ വിജയം. വയനാടിനു വേണ്ടി മുന്ന റോഷൻ ഹാട്രിക്ക് നേടി. മുഹമ്മദ് നിഹാൽ ഇരട്ട ഗോളുകളും നിഖിൽ ഒരു ഗോളും നേടി.
കണ്ണൂരിനെയാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു തിരുവനന്തപുരത്തിന്റെ വിജയം. തിരുവനന്തപുരത്തിനായി അബിൻ അനൂപ് ഇരട്ട ഗോളുകൾ നേടി. റിഷി രാഗേഷ് ആണ് കണ്ണൂരിനായി ഗോൾ നേടിയത്.