നാല് വ്യത്യസ്ത ക്ലബുകളിൽ ഗാർഡിയോളയെ തോൽപ്പിച്ച് ജോസെ മൗറീന്യോ

- Advertisement -

ലോക ഫുട്‌ബോളിൽ ഏറ്റവും വലിയ പരിശീലകരായി അറിയപ്പെടുന്ന ജോസെ മൗറീന്യോ, പെപ്പ് ഗാർഡിയോള ശത്രുത വളരെ പ്രസിദ്ധം ആണ്. ബാഴ്‌സലോണയിൽ സഹപരിശീലകർ ആയി തുടങ്ങിയ ഇരു പരിശീലകരും തങ്ങളുടെ പരിശീലനജീവിതത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്ന നേട്ടങ്ങൾ കൈവരിച്ച പരിശീലകർ ആണ്. അതിനിടയിൽ ഗാർഡിയോളയെ 4 വ്യത്യസ്ത ക്ലബുകളിൽ തോൽപ്പിക്കുന്ന ആദ്യ പരിശീലകൻ ആയി മാറി മൗറീന്യോ. ഇന്നലെ നടന്ന മത്സരത്തിൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ മൗറീന്യോയുടെ ടോട്ടനം 2-0 ത്തിനു തോല്പിച്ചിരുന്നു. 2009 ലെ പ്രസിദ്ധവും കുപ്രസിദ്ധവും ആയ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ ആണ് മൗറീന്യോ ആദ്യമായി ഗാർഡിയോളക്ക് മേൽ ജയം കണ്ടെത്തുന്നത്. അന്ന് മൗറീന്യോയുടെ ഇന്റർ മിലാൻ ഗാർഡിയോളയുടെ ബാഴ്‌സലോണയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.

പിന്നീട്‌ റയൽ മാഡ്രിഡിൽ എത്തിയ മൗറീന്യോ ഗാർഡിയോളയുടെ ബാഴ്‍സയെ വീണ്ടും വീഴ്ത്തി. തുടർന്ന് രണ്ട് വർഷം മുമ്പ് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ആയ മൗറീന്യോ ലീഗ് കിരീടം ആ മത്സരത്തിൽ ജയിച്ചാൽ ലഭിക്കും എന്ന നിലയിൽ എത്തിയ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെ വീണ്ടും തോല്പിക്കുന്നത്. 2 ഗോളുകൾക്ക് പിറകെ നിന്ന ശേഷം ആയിരുന്നു അന്ന് മൗറീന്യോയുടെ യുണൈറ്റഡ് ജയം കണ്ടത്. ഇപ്പോൾ ടോട്ടനത്തിലൂടെയും ഗാർഡിയോളയെ തോൽപ്പിച്ച മൗറീന്യോ ഇതോടെ യൊഹാൻ ക്ലോപ്പ് കഴിഞ്ഞാൽ ഗാർഡിയോളയെ ഏറ്റവും അധികം തോൽപ്പിച്ച പരിശീലകനും ആയി. നിലവിൽ 9 തവണ ക്ലോപ്പിന്റെ ടീമിനോട് തോറ്റ ഗാർഡിയോള 6 തവണ മൗറീന്യോയുടെ ടീമിനോടും തോൽവി വഴങ്ങി. നിലവിൽ 23 തവണയാണ് മൗറീന്യോയും ഗാർഡിയോളയും പരസ്പരം ഏറ്റ് മുട്ടിയത്. ഇതിൽ 10 എണ്ണത്തിൽ ഗാർഡിയോളയുടെ ടീം ജയം കണ്ടപ്പോൾ 6 തവണ മൗറീന്യോ ജയം കണ്ടു അതേസമയം 7 മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. തുടർന്നും മൗറീന്യോ, ഗാർഡിയോള പോരാട്ടം ഫുട്‌ബോളിനെ തീ പിടിപ്പിക്കും എന്നുറപ്പാണ്.

Advertisement