ഇന്റർ മയാമിയിലേക്ക് മെസ്സിക്ക് പിറകെ പല വമ്പൻ താരങ്ങളെയും എത്തിച്ചേക്കും എന്ന സൂചന നൽകി ക്ലബ്ബ് പ്രസിഡന്റ് ജോർജെ മാസ്. എൽ പാരീസ് എന്ന മാധ്യമാവുമായി നൽകിയ അഭിമുഖത്തിൽ മെസ്സിക്ക് എംഎൽഎസിന്റെ നിലവാരം തന്നെ മാറ്റി മറിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടീമിനായുള്ള താരത്തിന്റെ ആദ്യ മത്സരം എന്നാവും എന്നതിനെ കുറിച്ചും അദ്ദേഹം സൂചന നൽകി. അതേ സമയം ജൂലൈ പതിനാഞ്ചിന് മുൻപായി എല്ലാ പുതിയ കൈമാറ്റങ്ങളും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ജോർജെ മാസ് വെളിപ്പെടുത്തി. ജൂലൈ 21ന് മെക്സിക്കൻ ക്ലബ്ബ് ആയ ക്രൂസ് അസൂലിനെതിരെ ആവും ഇന്റർ മയാമി ജേഴ്സിയിൽ ഉള്ള മെസ്സിയുടെ ആദ്യ മത്സരം.
മെസ്സിയുടെ പല മുൻ താരങ്ങളെയും ഇന്റർ മയാമി ലക്ഷ്യം വെക്കുന്നതായി നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. മെസ്സിക്ക് പിറകെ സെർജിയോ ബുസ്ക്വറ്റ്സ് കൂടി ടീമിലേക്ക് എത്തിയതോടെ അഭ്യൂഹങ്ങൾ ബാലപ്പെട്ടു. ഇതിനിടയിലാണ് ജോർഡി ആൽബയുമായി ചർച്ച നടത്തിയെന്നത് ക്ലബ്ബ് പ്രസിഡന്റ് വെളിപ്പെടുത്തുന്നത്. എന്നാൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ലൂയിസ് സുവരസിനെയും ഇന്റർ മയാമി എത്തിക്കാൻ ശ്രമിക്കും എന്നാണ് ജോർജെ മാസ് സൂചിപ്പിക്കുന്നത്. നിലവിലെ ടീമായ ഗ്രിമിയോയിൽ താരത്തിന് റിലീസ് ക്ലോസ് ഉള്ളത് ടീമിന് സഹായകരമാണ്. അതേ സമയം അടുത്തിടെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള താരം ഭാവിയെ കുറിച്ച് എന്ത് തീരുമാനമെടുക്കുമെന്ന് ഉറപ്പില്ല. മെസ്സിക്ക് ടീം നൽകുന്ന അടിസ്ഥാന വരുമാനത്തെ കുറിച്ചും ക്ലബ്ബ് പ്രസിഡന്റ് സൂചന നൽകി. 50 മുതൽ 60 വരെ മില്യൺ ഡോളറിന് ഇടയിലാണിത്. കൂടാതെ മറ്റ് ലാഭവിഹിതങ്ങളും ചേരും. അമേരിക്കയിൽ സോക്കർ എന്ന് കേൾക്കുമ്പോൾ ആരാധകരിലേക്ക് ഇന്റർ മയാമിയുടെ പേര് ആദ്യം ഓർമ വരണം എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നദ്ദേഹം കൂട്ടിച്ചേർത്തു. 2019 മുതൽ തന്നെ തങ്ങൾ മെസ്സിയെ കൊണ്ടു വരുന്നതിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.