ഹെയ്തിയുടെ ചരിത്ര കുതിപ്പിന് അവസാനം, മെക്സിക്കോ ഗോൾഡ് കപ്പ് ഫൈനലിൽ

ഗോൾഡ് കപ്പിൽ ഹെയ്തി നടത്തിയ വീരോചിത പോരാട്ടത്തിന് അവസാനം. ചരിത്രത്തിൽ ആദ്യമായി സെമി വരെ എത്തിയ ഹെയ്തി എന്നാൽ സെമിയിൽ മെക്സിക്കോയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ഇന്ന് കരുത്തരായ മെക്സിക്കോയ്ക്ക് മുന്നിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച ശേഷം മാത്രമായിരുന്നു ഹെയ്തി കീഴടങ്ങിയത്. എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മെക്സിക്കോ വിജയിച്ചത്.

നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു. എന്നാൽ എക്സ്ട്രാ ടൈം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ മെക്സിക്കോയ്ക്ക് പെനാൾട്ടി ലഭിച്ചു. പെനാൾട്ടി എടുത്ത വോൾവ്സ് താരം റൗൾ ജിമനസിന് ഒട്ടും പിഴച്ചില്ല. പെനാൾട്ടി നൽകിയത് തെറ്റായ തീരുമാനം ആണെന്ന് ഹെയ്തി താരങ്ങൾ വാദിച്ചു എങ്കിലും ഫലമൊന്നും ഉണ്ടായില്ല. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം നേസൺ ഹെയ്തി നിരയിൽ ഉണ്ടായിരുന്നു.

നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ അമേരിക്കയും ജമൈക്കയും തമ്മിലാണ് ഏറ്റുമുട്ടുക.

Previous articleതോറ്റതിന് റഫറിയെ കുറ്റം പറഞ്ഞ് മെസ്സി
Next articleഭാഗ്യം ധീരന്മാരെ തുണയ്ക്കുന്നു – രോഹിത് ശര്‍മ്മ