ശനിയാഴ്ച നടന്ന ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പാരീസ് സെന്റ് ജെർമെയ്‌നെതിരായ മത്സരത്തിനിടെ ബയേൺ മ്യൂണിക്കിന്റെ ജമാൽ മുസിയാലക്ക് കണങ്കാലിന് ഗുരുതരമായ പരിക്ക്. 22 വയസ്സുകാരനായ ഈ ജർമ്മൻ താരം ആദ്യ പകുതിയുടെ അധികസമയത്ത് പിഎസ്ജിയുടെ പെനാൽറ്റി ബോക്സിൽ വെച്ച് കൂട്ടിയിടിച്ചതിനെ തുടർന്ന് കളിക്കളത്തിൽ വീഴുകയായിരുന്നു. ഇത് സ്റ്റേഡിയത്തെ നിശബ്ദമാക്കി.

പിഎസ്ജി ഡിഫൻഡർ വില്യം പാച്ചോയെ വെല്ലുവിളിച്ച് പന്തിനായുള്ള ശ്രമത്തിനിടയിലാണ് മുസിയാലക്ക് പരിക്കേറ്റത്. ഈ കൂട്ടപ്പൊരിച്ചലിനിടെ ഗോൾകീപ്പർ ജിയാൻലൂയിജി ഡോണറുമ്മയുമായി കൂട്ടിയിടിച്ചാണ് മുസിയാലയുടെ ഇടത് കണങ്കാലിന് പരിക്കേറ്റത്. പരിക്കിന്റെ ആഘാതം കണ്ട് ഇറ്റാലിയൻ ഗോൾകീപ്പർ ഞെട്ടിപ്പോവുകയും തലയിൽ കൈവെച്ച് നിലത്ത് വീഴുകയും ചെയ്തത് പരിക്ക് എത്ര ഗൗരവമാണെന്ന് സൂചന നൽകി.
ഈ പരിക്ക് അദ്ദേഹത്തെ മാസങ്ങളോളം കളിക്കളത്തിൽ നിന്ന് മാറ്റിനിർത്തിയേക്കാം. ബയേണിനും ജർമ്മൻ ദേശീയ ടീമിനും ഒരുപോലെ വലിയ തിരിച്ചടിയാണ് ഈ പരിക്ക്. മുസിയാല ഇരു ടീമുകളിലെയും ഒരു പ്രധാന താരമാണ്.