മലയാളികളുടെ പ്രിയ താരം സഹൽ അബ്ദുൽ സമദ് തന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടം സ്വന്തമാക്കി. ഇന്ന് മോഹൻ ബഗാൻ മുംബൈ സിറ്റിയെ തോൽപ്പിച്ച് ഐ എസ് എൽ ഷീൽഡ് സ്വന്തമാക്കിയിരുന്നു. ഇത് സഹലിന്റെ ക്ലബ് കരിയറിലെ രണ്ടാം കിരീടമാണ്. നേരെത്തെ കഴിഞ്ഞ സെപ്റ്റംബറിൽ മോഹൻ ബഗാനൊപ്പം ഡ്യൂറണ്ട് കപ്പും സഹൽ നേടിയിരുന്നു.
പരിക്ക് കാരണം ഈ സീസൺ ഐ എസ് എല്ലിൽ സഹലിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. 13 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം മോഹൻ ബഗാനായി ഒരു ഗോളും നാല് അസിസ്റ്റും നൽകി.
ഈ സീസൺ തുടക്കത്തിൽ മാത്രമായിരുന്നു സഹൽ മോഹൻ ബഗാനിൽ എത്തിയത്. ക്ലബിൽ എത്തി ആദ്യ സീസണിൽ തന്നെ രണ്ട് കിരീടം നേടാൻ ആയത് സഹലിന് വലിയ ഊർജ്ജമാകും. ഷീൽഡിന് പിറകെ ഇനി ഐ എസ് എൽ കിരീടം കൂടെ നേടുക ആകും മോഹൻ ബഗാന്റെ ലക്ഷ്യം.
ബഗാനിൽ പോകും മുമ്പ് അവസാന ആറു വർഷമായി സഹൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നു. പക്ഷെ ഒരു കിരീടം പോലും താരത്തിന് നേടാൻ ആയിരുന്നില്ല. ഐ എസ് എല്ലിൽ റണ്ണേഴ്സ് അപ്പ് ആയതായിരുന്നു സഹലിന്റെ കേരള ബ്ലാസ്റ്റേഴ്സിലെ ഏറ്റവും വലിയ നേട്ടം.
സഹൽ ഇന്ത്യൻ ദേശീയ ടീമിനൊപ്പം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യക്ക് ഒപ്പം നാലു കിരീടങ്ങൾ അദ്ദേഹം നേടി. രണ്ട് സാഫ് കപ്പും ഒരു ട്രി നാഷണൽ ടൂർണമെന്റും ഒരു ഇന്റർ കോണ്ടിനെന്റൽ കപ്പും സഹൽ നേടിയിട്ടുണ്ട്. പരിക്ക് കാരണം നീണ്ട കാലം കളിക്കളത്തിൽ ഇല്ല എങ്കിലും മലയാളി താരം ആഷിഖ് കുരുണിയനും ഈ മോഹൻ ബഗാൻ ടീമിന്റെ ഭാഗമാണ്.