പ്രീസീസണിലെ പ്രശ്നങ്ങളും പരിക്കും കേരള ബ്ലാസ്റ്റേഴ്സിനെ തുടക്കത്തിൽ ബാധിച്ചേക്കും

ഇന്ന് ഐ എസ് എൽ ആറാം സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. എ ടി കെയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് വിജയത്തോടെ തന്നെ തുടങ്ങുമെന്ന് പരിശീലകൻ ഷറ്റോരി പ്രതീക്ഷ പ്രകടിപ്പിച്ചു. ടീം ശക്തമാണ് എങ്കിലും ടീമിന്റെ ഇത്തവണത്തെ ഒരുക്കത്തിൽ ഷറ്റോരി അതൃപ്തി അറിയിച്ചു. പ്രീസീസൺ താൻ ആഗ്രഹിച്ചതു പോലെയല്ല നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

ക്ലബിന്റെ പ്രശ്നമല്ല എന്നും അത് നിർഭാഗ്യകരമായ സംഭവങ്ങൾ ആണെന്നും ഷറ്റോരി പറഞ്ഞു. നേരത്തെ പ്രീസീസൺ മത്സരങ്ങൾക്കായി ദുബായിയിലേക്ക് പോയ കേരള ബ്ലാസ്റ്റേഴ്സ് ഒരാഴ്ച കൊണ്ട് മടങ്ങിവരേണ്ടി വന്നു. അങ്ങനെ വന്നത് ടീമിന്റെ ഒരുക്കങ്ങളെ കാര്യമായി ബാധിച്ചു എന്ന് ഷറ്റോരി പറഞ്ഞു. ഒപ്പം ടീമിലെ പലതാരങ്ങളും പരിക്കിന്റെ പിടിയിലാണ് എന്നതും പ്രശ്നമാണെന്ന് ഷറ്റോരി പറഞ്ഞു.

സാധാരണ ഒരുക്കങ്ങളെക്കാൾ രണ്ട് മൂന്ന് ആഴ്ച പിറകിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ്. ഇത് ടീമിന്റെ പ്രകടനത്തെ തുടക്കത്തിൽ ബാധിച്ചേക്കുമെന്ന ആശങ്കയും അദ്ദേഹം സൂചിപ്പിച്ചു.

Previous article“ഗെയിം പ്ലാൻ മാറ്റിയതാണ് രോഹിത് ശർമ്മ ടെസ്റ്റിൽ തിളങ്ങാൻ കാരണം”
Next articleബൗളർമാർക്ക് പരിശീലന ക്യാമ്പ് ഒരുക്കി വഖാർ യൂനിസ്