അഞ്ചു ഗോളിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ നോർത്ത് ഈസ്റ്റ് പൂനെ സിറ്റിക്കെതിരെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ലീഗിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നതോടെ എല്ലാ മത്സരങ്ങളും നിർണായകമായ പൂനെ സിറ്റി ഇന്ന് പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെ കുറെ അസ്തമിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. നോർത്ത് ഈസ്റ്റിന്റെ സ്വന്തം ഗ്രൗണ്ടായ ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. നേരത്തെ പൂനെയിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ പൂനെ നോർത്ത് ഈസ്റ്റിന്റെ വലയിൽ അഞ്ച് ഗോളടിച്ച് നാണം കെടുത്തിയിരുന്നു. അതിന്റെ പ്രതികാരം തേടിയാവും നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക.

കഴിഞ്ഞ രണ്ടു മത്സരത്തിലും വിജയം നേടാനാവാതെയാണ് നോർത്ത് ഈസ്റ്റ് ഇന്നിറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഗോവയോട് സമനില വഴങ്ങിയ നോർത്ത് ഈസ്റ്റ് അതിനു മുൻപത്തെ മത്സരത്തിൽ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരു എഫ്.സിയോട് തോറ്റിരുന്നു.അതെ സമയം ഗോവയുമായുള്ള മത്സരത്തിൽ രണ്ടു തവണ പിറകിൽ പോയിട്ടും മികച്ച പ്രകടനം നടത്തിയാണ് നോർത്ത് ഈസ്റ്റ് സമനില പിടിച്ചെടുത്തത്.    കഴിഞ്ഞ മൂന്ന് ഹോം മത്സരങ്ങളിൽ രണ്ടും ജയിച്ചതിന്റെ ആത്മവിശ്വാസം സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ഉണ്ടാവും.

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സ്വന്തം ഗ്രൗണ്ടിൽ തോൽവിയേറ്റുവാങ്ങിയാണ് പൂനെ ഇന്നിറങ്ങുക. ഇഞ്ചുറി ടൈമിലെ സി.കെ വിനീതിന്റെ ബുള്ളറ്റ് ഷൂട്ട് ഗോളിൽ പൂനെ പരാജയം സമ്മതിക്കുകയായിരുന്നു. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ള പൂനെക്ക് ഇന്ന് ജയിച്ച പ്ലേ ഓഫ് സാധ്യത ശക്തമാക്കാം. പൂനെ നിരയിൽ പരിക്കുമൂലം മലയാളി താരം ആഷിഖ് കുരുണിയൻ ഇന്നും ഇറങ്ങില്ല.

13 മത്സരങ്ങൾ കളിച്ച പൂനെ 22 പോയിന്റോടെ ചെന്നൈയിൻ എഫ്.സിക്ക് തൊട്ടു പിന്നിൽ മൂന്നാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് 11 പോയിന്റ് മാത്രം നേടി നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial