പുതിയ പ്രതീക്ഷകളുമായി നോർത്ത് ഈസ്റ്റ് ഇന്ന് ഗോവക്കെതിരെ

പുതിയ കോച്ചിന് കീഴിൽ മികച്ച തുടക്കം പ്രതീക്ഷിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സ്വന്തം ഗ്രൗണ്ടിൽ എഫ്.സി ഗോവയെ നേരിടും. മുൻ ചെൽസി പരിശീലകനും ഘാന ദേശീയ ടീമിന്റെ പരിശീലകനുമായിരുന്ന അവ്റാം ഗ്രാന്റിനെ നോർത്ത് ഈസ്റ്റ് പരിശീലകനായി നിയമിച്ചിരുന്നു. ടീമിന്റെ ടെക്നിക്കൽ അഡ്വൈസർ എന്ന നിലയിലാണ് ഗ്രാന്റ് നോർത്ത് ഈസ്റ്റിൽ എത്തിയതെങ്കിലും ഈ സീസണിന്റെ അവസാനം വരെ ടീമിന്റെ പരിശീലകനായി അവ്റാം ഗ്രാന്റ് തുടരും.

മോശം പ്രകടനത്തെ തുടർന്ന് ജാവോ ഡി ഡിയസിനെ കഴിഞ്ഞ ദിവസം ക്ലബ് പുറത്താക്കിയിരുന്നു. 7 മത്സരങ്ങൾ കഴിഞ്ഞതോടെ നോർത്ത് ഈസ്റ്റ് ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതോടെയാണ് കോച്ചിനെ പുറത്താക്കാൻ നോർത്ത് ഈസ്റ്റ് നിർബന്ധിതനായത്. കഴിഞ്ഞ മത്സരത്തിൽ പൂനെ സിറ്റിക്കെതിരെ 5 – 0 നാണ് നോർത്ത് ഈസ്റ്റ് തോൽവിയേറ്റുവാങ്ങിയത്. തുടർച്ചയായ നാല് പരാജയങ്ങളുടെ പിന്നാലെയാണ് ഇന്ന് നോർത്ത് ഈസ്റ്റ് ഇറങ്ങുന്നത്. ഗോൾ നേടാൻ പാടുപെടുന്ന ആക്രമണ നിരയാണ് നോർത്ത് ഈസ്റ്റിന്റെ പ്രധാന പ്രശ്നം. ലീഗിൽ ഇതുവരെ വെറും 2 ഗോൾ മാത്രമാണ് നോർത്ത് ഈസ്റ്റ് ഇതുവരെ നേടിയത്.

മികച്ച ഫോമിൽ കളിച്ചിരുന്ന ഗോവ അവസാന രണ്ട് മത്സരങ്ങളിൽ വിജയം കണ്ടെത്താനാവാതെ പോയത് അവർക്ക്‌ തിരിച്ചടിയായിരുന്നു. 7 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി  ഗോവ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള പൂനെയെക്കാൾ രണ്ട് മത്സരം കുറച്ച് കളിച്ച ഗോവക്ക് ഇനിയുള്ള മത്സരങ്ങൾ ജയിച്ച് ഒന്നാം സ്ഥാനം പിടിച്ചെടുക്കാനാവും ശ്രമം. സീസണിൽ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയത് എഫ്.സി ഗോവയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article2018ൽ പുതിയ തുടക്കം തേടി ഗോകുലം കേരള മിനർവക്കെതിരെ
Next articleഓസ്ട്രേലിയ ലീഡ് നേടി കുതിക്കുന്നു, ഖ്വാജ 171 റണ്‍സ്, ഷോണ്‍ മാര്‍ഷ് 98*