ഗലേയോയെ കാണാൻ മികു ആശുപത്രിയിൽ

ഐ എസ് എൽ സെമി ഫൈനൽ മത്സരത്തിനിടെ ഗുരുതരമായ പരിക്കേറ്റ നോർത്ത് ഈസ്റ്റിന്റെ മിഡ്ഫീൽഡർ ഫെഡെറികോ ഗലേയോ കാണാൻ ബെംഗളൂരു സ്ട്രൈക്കർ മികു എത്തി. സെമി ഫൈനലിൽ മികുവിന്റെ ചവിട്ട് കൊണ്ടായിരുന്നു ഗലേയോക്ക് പരിക്കേറ്റത്. മണിപ്പാൽ ആശുപത്രിയിലാണ് മികു ഗലേയോയെ സന്ദർശിച്ചത്. ഇന്നലെ ഗലേയോ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ഗലേയോയുടെ തിരിച്ചുവരവിനായുള്ള പോരാട്ടം ആരംഭിച്ചു കഴിഞ്ഞു എന്നും ക്ലബ് പറഞ്ഞിരുന്നു. ബെംഗളൂരു സ്ട്രൈക്കർ മികു ഷോട്ട് എടുക്കുന്നതിനിടയിൽ നോർത്ത് ഈസ്റ്റ് മിഡ്ഫീൽഡറുടെ കാലിൽ കിക്ക് ചെയ്യുകയായിരുന്നു. മനപ്പൂർവമായ ഫൗൾ അല്ലായെങ്കിലും ഈ കിക്ക് ഗലേയോയുടെ ഷിൻ ബോണിൽ രണ്ട് പൊട്ടലുകൾ ആണ് ഉണ്ടാക്കിയത്. താരത്തിന്റെ കരിയറിന് തന്നെ ഭീഷണിയാകുന്ന പരിക്കാണ് ഇത്. എങ്കിലും ഗലേയോ ഫുട്ബോൾ മൈതാനത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.