വിജയമില്ലാതെ നാണക്കേടിന്റെ റെക്കോർഡുമായി കേരള ബ്ലാസ്റ്റേഴ്‌സ്

Photo: Goal.com
- Advertisement -

ഈ സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കുറവ് മത്സരങ്ങൾ ജയിച്ച ടീമെന്ന നാണക്കേട് കേരള ബ്ലാസ്റ്റേഴ്സിന് സ്വന്തം. സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ ജയിച്ചത്. എ.ടി.കെയോട് മാത്രമായിരുന്നു ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ഇന്നലെ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്.സി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബെംഗളൂരു എഫ്.സിയെ തോൽപ്പിച്ച് സീസണിലെ രണ്ടാമത്തെ ജയം അവർ സ്വന്തമാക്കിയിരുന്നു.

ഇതോടെയാണ് ജയത്തിന്റെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും അവസാന സ്ഥാനത്തായത്. സീസണിൽ 15 മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് 6 എണ്ണത്തിൽ തോൽക്കുകയും 8 മത്സരങ്ങൾ സമനിലയിൽ കുടുങ്ങുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയവരുടെ കൂട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമതാണ്. 28 ഗോളുകൾ വഴങ്ങിയ ചെന്നൈയിൻ എഫ്.സിയാണ് കേരള ബ്ലാസ്റ്റേഴ്സിന് മുൻപിലുള്ള ഏക ടീം. 25 ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ വഴങ്ങിയത്.

ഏറ്റവും അവസാന സ്ഥാനത്തുള്ള ചെന്നൈയിൻ 11 മത്സരങ്ങൾ പരാജയപ്പെട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് 6 മത്സരങ്ങൾ മാത്രമാണ് പരാജയപ്പെട്ടത് എന്ന് നമുക്ക് ആശ്വസിക്കാം. കഴിഞ്ഞ സീസൺ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം സീസൺ ആയിരുന്നിട്ട് കൂട്ടി 6 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. 2015 സീസണിൽ അവസാന സ്ഥാനത്തായിരുന്നിട്ട് കൂടി കേരള ബൽസ്റ്റേഴ്‌സ് മൂന്ന് മത്സരങ്ങൾ ആ സീസണിൽ ജയിച്ചിരുന്നു. വെറും മൂന്ന് മത്സരങ്ങൾ മാത്രം ബാക്കിയുള്ള ഈ സീസണിൽ ഒരു സീസണിലെ ഏറ്റവും കുറഞ്ഞ വിജയങ്ങൾ എന്ന നാണക്കേട് മാറ്റാൻ കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയും വേണം.

ഈ സീസണിൽ ഒരു മത്സരം കൂടി തോൽക്കുകയാണെങ്കിൽ ഒരു സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും കൂടുതൽ തോൽക്കുന്ന സീസൺ ആയി ഇത് മാറും. 2015ൽ തോറ്റ 7 മത്സരങ്ങൾ എന്ന റെക്കോർഡിനൊപ്പവും കേരള ബ്ലാസ്റ്റേഴ്‌സ് എത്തും.

Advertisement