കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് വിപുലീകരണത്തിനൊരുങ്ങുന്നു: മരിയോ മരിനിക്ക യംഗ് ബ്ലാസ്റ്റേഴ്‌സ് ടെക്നിക്കൽ ഡയറക്ടർ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഏറ്റവും അടിസ്ഥാന മാർഗ്ഗനിർദ്ദേശ, പരിശീലന സംരംഭമായ കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് പ്രവർത്തനം വിപുലീകരിക്കുന്നു. കേരളത്തിലെ വളർന്നുവരുന്ന എല്ലാ ഫുട്ബോൾ പ്രതിഭകൾക്കും ഗുണാത്മക ഫുട്ബോൾ ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കെബിഎഫ്‌സി യംഗ് ബ്ലാസ്റ്റേഴ്‌സ് പദ്ധതി വിപുലീകരണത്തിനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി മരിയോ മരിനിക്കയെ യംഗ് ബ്ലാസ്റ്റേഴ്‌സ് ടെക്നിക്കൽ ഡയറക്ടറായി കെബിഎഫ്‌സി പ്രഖ്യാപിച്ചു.

കൊച്ചിയിൽ രണ്ട് കെ‌ബി‌എഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ കേന്ദ്രങ്ങൾക്ക് ക്ലബ്ബ് തുടക്കമിട്ടിരുന്നു. ഈ കേന്ദ്രങ്ങൾക്ക് വളർന്നു വരുന്ന ഫുട്ബാൾ പ്രതിഭകളുടെ ഭാഗത്ത്‌ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് ഈ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുകയാണ്. അടുത്ത അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ 14 ജില്ലകളിലായി 2 ലക്ഷത്തോളം കുട്ടികൾക്ക് കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സിന്റെ സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യംഗ് ബ്ലാസ്റ്റേഴ്‌സ് പദ്ധതി വിപുലീകരിക്കുന്നത്.

കെ‌ബി‌എഫ്‌സി യംഗ് ബ്ലാസ്റ്റേഴ്സിനായി പുതുതായി നിയമിതനായ ടെക്നിക്കൽ ഡയറക്ടർ മരിയോ മരിനിക്കയാകും തുടർന്നുള്ള സാങ്കേതിക പരിശീലന വിഭാഗത്തിന് ചുക്കാൻ പിടിക്കുക. പിച്ചിലും പുറത്തും അസാധാരണമായ മാനേജ്മെൻറ് കഴിവുകൾ ഉള്ള ബ്രിട്ടീഷ് വംശജനായ മരിയോ വളരെ പരിചയസമ്പന്നനായ യുഇഎഫ്എ പ്രോ ഫുട്ബോൾ പരിശീലകനുമാണ്. മുമ്പ് മൗറീഷ്യസ് ഫുട്ബോൾ അസോസിയേഷന്റെ ഫുട്ബോൾ ഡവലപ്മെന്റ് കൺസൾട്ടന്റായിരുന്ന അദ്ദേഹം, ടാൻസാനിയൻ ഫുട്ബോൾ ക്ലബ്ബായ അസാം എഫ്‌സിയുടെ ഹെഡ്കോച്ചുമായിരുന്നു.

“ഒരു മികച്ച കാഴ്ചപ്പാട് മാത്രമല്ല, അത് നടപ്പിലാക്കാനുള്ള ഉത്സാഹവും നിറഞ്ഞ ഒരു ക്ലബിൽ ചേരുന്നത് ഒരു അത്ഭുതകരമായ വികാരമാണ്. സംസ്ഥാനത്തുടനീളം ഗുണനിലവാരമുള്ള ഫുട്ബോൾ വികസിപ്പിക്കുന്നതിന് വഴികാട്ടുന്ന ഒരു ദീപമായി നിലകൊള്ളുന്ന കേരള ബ്ലാസ്റ്റേഴ്സിൽ ചേർന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ പരിശീലന പരിചയവും വൈദഗ്ധ്യവും ക്ലബിന്റെ പ്ലേയിംഗ് ഫിലോസഫിയിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പ്രവർത്തനങ്ങളിൽ പങ്കാളിയാകുവാൻ ഞാൻ ആവേശത്തോടെ കാത്തിരിക്കുകയാണ്. ”, മരിയോ മരിനിക്ക പറയുന്നു.

രണ്ട് പ്രധാന വശങ്ങളിലാകും കെബിഎഫ്സി യംഗ് ബ്ലാസ്റ്റേഴ്സ് മരിയോയുടെ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കുക. ഒന്നാമതായി കളിക്കാരുടെ സാങ്കേതികപരവും തന്ത്രപരവും, ശാരീരികപരവും, മന:ശാസ്ത്രപരവുമായ വികസനവും, രണ്ടാമത് പ്രോഗ്രാമിന് കീഴിലുള്ള കോച്ചുകളുടെ മൊത്തത്തിലുള്ള വിലയിരുത്തലും വളർച്ചയും.

“ഞങ്ങൾ മരിയോയെ സ്വാഗതം ചെയ്യുന്നു. യംഗ് ബ്ലാസ്റ്റേഴ്സിന്റെ ദർശനത്തിലേക്ക് കടക്കുന്നതിനുള്ള ശരിയായ ദിശയിലുള്ള ഒരു ഘട്ടമാണിത്. അനുഭവം, അറിവ്, വിജയം എന്നിവ സംയോജിച്ച ഒരു പരിശീലകനെ ലഭിക്കുക എന്നത് വളരെ വലുതാണ്. ക്ലബിന്റെ യൂത്ത് അക്കാദമിയുടെയും യംഗ് ബ്ലാസ്റ്റേഴ്സ് പ്രോഗ്രാമിന്റെയും സാങ്കേതിക ദിശയ്ക്ക് അദ്ദേഹം മേൽനോട്ടം വഹിക്കും. പ്രോഗ്രാം മുന്നോട്ട് കൊണ്ടുപോകാനും കേരളത്തിലെ യൂത്ത് ഫുട്ബോളിന്റെ മുഖം മാറ്റാനും മരിയോ സഹായിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ”, കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഫുട്‌ബോൾ ഡയറക്ടർ മുഹമ്മദ് റാഫിക് പറയുന്നു.