കളി നടക്കരുത് എന്ന ആഗ്രഹവുമായി ഒരു മാച്ച് പ്രിവ്യു, കേരള ബ്ലാസ്റ്റേഴ്സ് vs മുംബൈ സിറ്റി

20220116 123120

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ഏറ്റുമുറ്റേണ്ടത് കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും തമ്മിലാണ്. എന്നാൽ ഈ മത്സരം നടക്കരുത് എന്നും മാറ്റിവെക്കണം എന്നുമാണ് കേരള ബ്ലാസ്റ്റേഴ്സിനെ പോലെ ഞങ്ങളും ആഗ്രഹിക്കുന്നത്. അവസാന മൂന്ന് ദിവസമായി റൂമിന് പുറത്ത് ഇറങ്ങാത്ത ഒരു ടീമിനെ നേരെ ഒരു വലിയ മത്സരത്തിന് ഇറക്കിയാൽ അത് ടീമിന്റെ കിരീട പ്രതീക്ഷ തന്നെ തകർത്തേക്കും. അത്രയ്ക്ക് ഇണങ്ങിയ ഒരു ടീമിനെ വലിയ പരിക്കുകൾ ബാധിക്കാനും ആ കളിക്കാരുടെ ഒരു സീസൺ നഷ്ടപ്പെടാനും സാധ്യത ഉള്ളതിനാൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചും ഇന്ന് കളി നടക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്.

വിവരങ്ങൾ അനുസരിച്ച് ഇന്നലെ നടന്ന ടെസ്റ്റുകളിൽ കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലും കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിനകം തന്നെ നാൽപ്പതോളം കേസുകൾ ഐ എസ് എല്ലിൽ ഉണ്ട്. ഇത് കളി നടത്തിയാൽ വർധിക്കാൻ മാത്രമെ സാധ്യതയുള്ളൂ. ഇന്ന് കളിക്കാൻ ഇറങ്ങി പരാജയപ്പെടുകയാണെങ്കിൽ അതും കേരള ബ്ലാസ്റ്റേഴ്സിനെ ബാധിക്കും. ഇപ്പോൾ ലീഗ് നിർത്തുകയാണെങ്കിൽ ശരാശരി പോയിന്റിന്റെ അടിസ്ഥാനത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ആണ് ചാമ്പ്യന്മാർ ആകേണ്ടത്. ഒരു മത്സരം പരാജയപ്പെട്ടാൽ അതാകില്ല സ്ഥിതി.

ഇന്ന് ഉച്ചയ്ക് ശേഷം ലീഗ് അധികൃതരും ക്ലബുകളും തമ്മിൽ നടത്തുന്ന ചർച്ചയിൽ ലീഗ് നീട്ടിവെക്കാൻ തീരുമാനം ഉണ്ടാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുണ്ടായില്ല എങ്കിൽ ഫുട്ബോൾ പ്രേമികൾക്ക് വലിയ നിരാശ ആകും നൽകുക. ഒപ്പം താരങ്ങൾ ഉൾപ്പെടെ ബയോബബിളിൽ ഉള്ളവർക്ക് അത് കൂടുതൽ പ്രയാസങ്ങളും നൽകും. ഇന്നലെ മോഹൻ ബഗാന്റെ മത്സരം മാറ്റിവെച്ചത് കൊണ്ട് ബ്ലാസ്റ്റേഴ്സ് മത്സരം മാറ്റിവെച്ചില്ല എങ്കിൽ അത് വലിയ പ്രതിഷേധവും ഉണ്ടാക്കും.

ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കേണ്ടത്. ഈ മത്സരം നടക്കില്ല എന്നുള്ള പ്രതീക്ഷയോടെ ഈ മത്സരത്തെ കുറിച്ചും എതിരാളികളെ കുറിച്ചും യാതൊന്നും എഴുതാതെ പ്രിവ്യു അവസാനിപ്പിക്കുന്നു‌