കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധം ഇത്തവണ അതിശക്തം

Img 20201118 130640
- Advertisement -

കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഏതു കാര്യത്തിലാണ് ഒരു ആശങ്കയും ഇല്ലാത്തത് എന്ന് ചോദിച്ചാൽ ഉടൻ തന്നെ ഏത് ആരാധകനും പറയുന്ന ഉത്തരം പ്രതിരോധത്തെ കുറിച്ച് ആലോചിച്ച് ആണെന്നാകും പറയുക. സാക്ഷാൽ ജിങ്കനും കഴിഞ്ഞ നിരയിൽ സെന്റർ ബാക്കിൽ ജിങ്കനു പകരക്കാരനാകാൻ എത്തിയവരും ഒക്കെ ക്ലബ് വിട്ടു എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ഇത്തവണ ശക്തമാണ്. അതിനു പ്രധാന കാരണം സെന്റർ ബാക്കിലേക്ക് കേരളം കൊണ്ടു വന്ന ആ രണ്ടു സൂപ്പർ ഡിഫൻഡേഴ്സ് ആണ്.

ബകാരി കോനെയും കോസ്റ്റ നമോയിനേസുവും. രണ്ടും ലോകഫുട്ബോളിൽ ആവശ്യത്തിൽ അധികം പരിചയ സമ്പത്ത് ഉള്ളവർ. ലോകം വിറപ്പിച്ച സൂപ്പർ താരങ്ങൾക്ക് എതിരെ ഡിഫൻഡ് ചെയ്ത് നിന്നിട്ടുള്ളവർ. 32കാരനായ കോനെ അഞ്ച് വർഷത്തോളം ഫ്രഞ്ച് ടീമായ ലിയോൺ ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. ലിയോണിൽ കളിക്കവെ രണ്ട് കിരീടങ്ങളും താരം നേടിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യമായ ബുർകിന ഫാസോയുടെ താരമാണ്. 2013ൽ രാജ്യം ആഫ്രിക്കൻ നാഷൺസ് കപ്പിൽ റണ്ണേഴ്സ് അപ്പ് ആകുമ്പോൾ ടീമിലെ പ്രധാന താരമായിരുന്നു ബകാരി.

കോസ്റ്റയും യൂറോപ്യൻ ഫുട്ബോൾ ലോകത്തെ പരിചയസമ്പത്തുമായാണ് വരുന്നത്. ചെക്ക് ഫുട്‌ബോള്‍ വമ്പന്‍മാരായ സ്പാര്‍ട്ട പ്രാഗിനു വേണ്ടി ഏഴു സീസണുകളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഒപ്പം ക്ലബിന്റെ യൂറോപ്പ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് കാമ്പയിനുകളിൽ നായകസ്ഥാനവും വഹിച്ചിട്ടുണ്ട്. ഇവർ ഇരുവരും തന്നെയാകും കിബു വികൂനയുടെ സെന്റർ ബാക്ക് കൂട്ടുകെട്ട്.

സെന്റർ ബാക്കിൽ കളിക്കാൻ ഇവരെ കൂടാതെ യുവതാരങ്ങളായ അബ്ദുൽ ഹക്കു, ലാൽ റുവത്താര എന്നിവരും ഉണ്ട്. രണ്ട് പേരും കേരള ബ്ലാസ്റ്റേഴ്സിൽ നേരത്തെ ഉണ്ടായിരുന്നവരാണ്. അവസരം കിട്ടിയപ്പോൾ ഒക്കെ മികവ് തെളിയിച്ചിട്ടുള്ള രണ്ട് പേരും ഇത്തവണ കൂടുതൽ മത്സരങ്ങൾ കളിക്കാൻ ആകും എന്ന പ്രതീക്ഷയിലാണ്. ജെസ്സലും നിശു കുമാറും ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിലെ രണ്ട് പാർശ്വങ്ങളിലും ഇറങ്ങുന്നത്. ലെഫ്റ്റ് ബാക്കായാണ് തിളങ്ങിയിട്ടുള്ളത് എങ്കിലും നിശു കുമാർ കേരള ബ്ലാസ്റ്റേഴ്സിൽ റൈറ്റ് ബാക്കിൽ ഇറങ്ങാനാണ് സാധ്യത. കഴിഞ്ഞ സീസൺ ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് ബാക്കിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വെച്ച ജെസ്സൽ തന്നെ ആകും ലെഫ്റ്റ് ബാക്ക് പൊസിഷൻ സ്വന്തമാക്കുക. ഇവരെ കൂടാതെ പുതിയ സൈനിംഗുകളായ ധനചന്ദ്ര മീറ്റെയും സന്ദീപ് സിങും ഒപ്പം ലാൽറുവത്താരയും ഒക്കെ ഫുൾബാക്കായി കളിക്കാൻ പറ്റുന്നവരാണ്.

കഴിഞ്ഞ സീസണിൽ പരിക്ക് ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിനെ വലച്ചിരുന്നത്. ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സ് ഭയക്കുന്നത് പരിക്കിനെ മാത്രമാകും. സെന്റർ ബാക്കിലെ രണ്ട് വിദേശ താരങ്ങളുടെ പരിചയസമ്പത്ത് ഒപ്പം ഉണ്ടായാൽ മാത്രമെ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസ് ശക്തമായി നിൽക്കുക ഉള്ളൂം അതുകൊണ്ട് തന്നെ അവർ രണ്ടു പേരും ഫിറ്റ്നെസ് സൂക്ഷിക്കുക എന്നത് കേരള ബ്ലാസ്റ്റേഴ്സിന് നിർണായകമാകും.

Advertisement