റോഷന്റെ ഒരൊറ്റ ഫ്രീകിക്ക്, കേരള ബ്ലാസ്റ്റേഴ്സിന് അവസാനം ഒരു പരാജയം

കേരള ബ്ലാസ്റ്റേഴ്സിന്റെ പത്തു മത്സരങ്ങളുടെ അപരാജിത കുതിപ്പിന് അവസാനം. ഇന്ന് ബെംഗളൂരു എഫ് സി ഏക ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. ഒരു ഫ്രീകിക്ക് ഗോളാണ് കേരളത്തിന്റെ 3 പോയിന്റും നഷ്ടമാക്കിയത്‌. ബെംഗളൂരു എഫ് സി കീപ്പർ ഗുർപ്രീതിന്റെ മികച്ച സേവുകളും തടസ്സമായി.

17 ദിവസം കളിക്കാത്തതിന്റെ പ്രശ്നം ചെറിയ തോതിൽ ഉണ്ടായി എങ്കിലും കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ തന്നെയാണ് ആദ്യ പകുതിയിൽ കളിച്ചത്. വാസ്കസും പെരേരയും ലൂണയും നിരന്തരം നല്ല അറ്റാക്കിങ് റണ്ണുകൾ നടത്തി. എന്നാൽ നല്ല ഫൈനൽ ബോളുകൾ പിറന്നില്ല. നിഷു കുമാറിന്റെ ഒരു മികച്ച ഷോട്ടും ആദ്യ പകുതിയിൽ കണ്ടു എങ്കിലും ഗുർപ്രീതിനെ പരീക്ഷിക്കാൻ ആയില്ല.
20220130 211256

ബെംഗളൂരു എഫ് സിക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. മികച്ച പൊസിഷനിൽ കിട്ടിയ ഫ്രീകിക്ക് എടുത്ത ഛേത്രിക്ക് ടാർഗറ്റിലേക്ക് കിക്ക് എത്തിക്കാൻ കഴിഞ്ഞില്ല. 31ആം മിനുട്ടിൽ വാസ്കസ് എടുത്ത ഫ്രീകിക്ക് ഗുർപ്രീത് തടയുകയും ചെയ്തു.

37ആം മിനുട്ടിൽ ഛേത്രിക്ക് ഗോൾ മുഖത്ത് നിന്ന് കിട്ടിയ അവസരം ഗോൾ ലൈനിൽ വെച്ച് നിഷു കുമാർ ക്ലിയർ ചെയ്ത് കളി ഗോൾ രഹിതമായി നിർത്തി. മറുവശത്ത് ആദ്യ പകുതിയുടെ അവസാനം നിഷു കുമാറിന്റെ ഒരു ഷോട്ട് കൂടെ ടാർഗറ്റിൽ എത്താതെ പോയി.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഫിറ്റ്നസ് പ്രശ്നമായി തുടങ്ങി. 56ആം മിനുട്ടിൽ കിട്ടിയ ഫ്രീകിക്ക് മനോഹരമായി വലയിൽ എത്തിച്ച് കൊണ്ട് റോഷൻ ബെംഗളൂരു എഫ് സിക്ക് ലീഡ് നൽകി. ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ കേരള ബ്ലാസ്റ്റേഴ്സ് ആഞ്ഞു ശ്രമിച്ചു. 68ആം മിനുട്ടിൽ ഖാബ്രയുടെ ഒരു വോളിയും ഗുർപ്രീത് തടഞ്ഞു.

71ആം മിനുട്ടിൽ വീണ്ടും ഗുർപ്രീത് ബെംഗളൂരുവിന്റെ രക്ഷയ്ക്ക് എത്തി. ഡയസ് ഒരു നല്ല പാസിൽ ലൂണയെ കണ്ടെത്തി എങ്കിലും നല്ല സേവിലും ഗുർപ്രീത് വില്ലനാവുക ആയിരുന്നു. 73ആം മിനുട്ടിൽ ഗുർപ്രീത് കേരളത്തെ തടഞ്ഞു. ഇത്തവണ സഹലിന്റെ ഷോട്ട് ആണ് ഗുർപ്രീത് സേവ് ചെയ്തത്. അവസാനം വരെ കേരളം പൊരുതി നോക്കി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.

ഈ വിജയത്തോടെ ബെംഗളൂരു എഫ് സി 20 പോയിന്റുമായി നാലാമത് എത്തി. ബെംഗളൂരു എഫ് സിയെക്കാൾ 2 മത്സരം കുറവ് കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി മൂന്നാം സ്ഥാനത്ത് ആണ് നിൽക്കുന്നത്.