മലയാളി താരം ജിതിൻ എം എസ് ഇനി ഐ എസ് എല്ലിൽ കളിക്കും. താരം നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്കുള്ള തന്റെ നീക്കം പൂർത്തിയാക്കി. ഇത് ഉടൻ നോർത്ത് ഈസ്റ്റ് ഔദ്യോഗികമായി അറിയിക്കും. കേരളത്തിലെ മികച്ച യുവതാരങ്ങളിൽ ഒന്നായ ജിതിൻ എം സിനെ നോർത്ത് ഈസ്റ്റ് രണ്ടു വർഷത്തെ കരാറിൽ ആകും സ്വന്തമാക്കുന്നത്.
2019 മുതൽ ഗോകുലത്തിന് ഒപ്പമുള്ള താരമാണ് ജിതിൻ എം എസ്. രണ്ട് തവണ ജിതിൻ ഐ ലീഗ് കിരീടവും നേടി. ജിതിൻ കഴിഞ്ഞ സീസൺ ഐ ലീഗിൽ 17 മത്സരങ്ങൾ കളിക്കുകയും 4 ഗോളുകൾ നേടുകയും ചെയ്തിരുന്നു.എ എഫ് സി കപ്പിലും മികച്ച പ്രകടനം നടത്താൻ ജിതിനായിരുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ജിതിൻ അവിടെ അവസരങ്ങൾ കുറഞ്ഞതിനാൽ ആയിരുന്നു ഗോകുലത്തിലേക്ക് എത്തിയത്.
മുമ്പ് 2017-18 സീസണിൽ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയപ്പോൾ കേരള ടീമിന്റെ ടോപ്പ് സ്കോറർ ആയിരുന്നു ജിതിൻ എം എസ്. 2017-18ലെ സന്തോഷ് ട്രോഫിയിൽ ഫൈനലിലെ ഗോൾ അടക്കം 5 ഗോളുകൾ ജിതിൻ എം എസ് നേടിയിരുന്നു. കേരളവർമ്മ കോളേജ് വിദ്യാർത്ഥിയായിരുന്ന ജിതിൻ എം എസ് കേരള പ്രീമിയർ ലീഗിലും സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും എഫ് സി കേരളയ്ക്കായി മികച്ച പ്രകടനം മുമ്പ് കാഴ്ചവെച്ചിരുന്നു. എഫ് സി കേരളയിൽ നിന്നാണ് ജിതിൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. മുമ്പ് ബെംഗളൂരു ക്ലബായ ഓസോൺ എഫ് സിയിലും ജിതിൽ കളിച്ചിരുന്നു