അവസാനം വിജയം കൈവിട്ട് ചെന്നൈയിൻ, ജംഷദ്പൂരിൽ സമനില

Newsroom

പരിശീലകൻ മാറിയതോടെ ചെന്നൈയിൻ എഫ് സിയുടെ കളിയും മാറിയെങ്കിലും വിജയം സ്വന്തമാക്കാൻ ടീമിനായില്ല. ഇന്ന് ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ ജംഷദ്പൂരിനെതിരെ കളിയുടെ അവസാനം നിമിഷമാണ് ചെന്നൈയിൻ വിജയം കൈവിട്ടത്. ജംഷദ്പൂരിന്റെ ഹോം ഗ്രൌണ്ടിൽ അവരുടെ ആയിരക്കണക്കിന് ആരാധകരെ സാക്ഷി നിർത്തി മികച്ച പ്രകടനം കാഴ്ചവെച്ചു എങ്കിലും 1-1ന്റെ സമനികയുമായി ചെന്നൈയിൻ മടങ്ങേണ്ടി വന്നു.

പുതിയ പരിശീലകൻ ഓവൻ കോയ്ലിന്റെ തന്ത്രങ്ങൾ ഫലം കണ്ടെത്തുന്നതാണ് ഇന്ന് കണ്ടത്. മത്സരത്തിന്റെ 26ആം മിനുട്ടിൽ ലിത്വാനിയക്കാരൻ വാൽസ്കിസാണ് ചെന്നൈയിന് ലീഡ് നൽകിയത്. ഒരു ഗംഭീര ടേണിനൊപ്പം തൊടുത്ത സ്ട്രൈക്കിലൂടെയാണ് വാൽസ്കിസിന്റെ ഗോൾ വന്നത്. അവസാന ഏഴു എവേ മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന ടീമായിരുന്ന ചെന്നൈയിൻ ഒരു ജയം സ്വന്തമാക്കുമെന്ന് കരിതിയെങ്കിലും 89ആം മിനുട്ടിൽ ജംഷദ്പൂർ സമനില നേടി. ഐസാക് ആയിരുന്നു ഡിഫ്ലക്റ്റശ് സ്ട്രൈക്കിലൂടെ സമനിക ഗോൾ നേടിയത്. ഈ സമനിലയോടെ ജംഷദ്പൂരിന് 12 പോയന്റും ചെന്നൈയിന് 6 പോയന്റുമായി.