ഐഎസ്‌എൽ പ്രീസീസൺ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീം കൊച്ചിയിലേക്ക്‌ മടങ്ങുന്നു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഹീറോ ഐഎസ്‌എൽ പുതിയ സീസണിലേക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ടീം ഒരുങ്ങുന്നു. ഡ്യുറന്റ്‌ കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ്‌ കളിക്കാർ സെപ്‌തംബർ 26ന്‌ കൊച്ചിയിലേക്ക്‌ മടങ്ങും. അൽവാരോ വാസ്‌ക്വേസ്‌ ഒഴികെയുള്ള എല്ലാ വിദേശ താരങ്ങളും കൊൽക്കത്തയിൽവച്ച്‌ ടീമിനൊപ്പം ചേർന്നു. വാസ്‌ക്വേസ്‌ ഈയാഴ്‌ച അവസാനം കൊച്ചിയിൽവച്ച്‌ ടീമിൽ ചേരും. മൂന്നാഴ്‌ചയാണ്‌ കൊച്ചിയിൽ ടീമിന്റെ പരിശീലനം. ഈ കാലയളവിൽ രണ്ട്‌ സൗഹൃദ മത്സരങ്ങൾ കളിക്കും. ഒക്‌ടോബർ പകുതിയോടെ ഐഎസ്‌എലിനായി ഗോവയിലേക്ക്‌ പുറപ്പെടും.

താരങ്ങളുടെ പരിക്കുമാറിയതിന്റെ സന്തോഷത്തിലാണ്‌ ടീം. ഡ്യൂറന്റ്‌ കപ്പിലെ ആദ്യ കളിക്കിടെ നേരിയ പരിക്കേറ്റ അബ്‌ദുൾ ഹക്കു പരിശീലനത്തിനായി ടീമിനൊപ്പം ചേരും. കഴിഞ്ഞ 8 ആഴ്‌ചയായി പരിചരണത്തിലുള്ള നിഷുകുമാറും ഒക്‌ടോബർ ആദ്യവാരം ടീമിനൊപ്പമെത്തും.

‘കൊൽക്കത്തയിൽനിന്ന്‌ കൊച്ചിയിലേക്ക്‌ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിലാണ്‌ ഞങ്ങൾ. ഇവിടേക്ക്‌ തിരിച്ചെത്തി ഞങ്ങളുടെ പരിശീലനം നടത്താൻ കഴിയുന്നത്‌ വലിയ കാര്യമാണ്‌. കൊച്ചിയിൽ 15‐20 ദിവസം പരിശീലനം നടത്താനാകും. അതിനിടെ ചില സൗഹൃദ മത്സരങ്ങളുടെയും ഭാഗമാകും. പുതിയ കളിക്കാർ ടീമിനൊപ്പമെത്തിയതിൽ അതിയായ സന്തോഷമുണ്ട്‌. അവരെ പൂർണമായും ഈ സംഘത്തിന്റെ ഭാഗമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങും. ഗോവയിലേക്ക്‌ പുറപ്പെടുംമുമ്പ്‌ എല്ലാ കളിക്കാരെയും ഒരു കുടക്കീഴിൽ അണിനിരത്താനാകുമെന്നാണ്‌ പ്രതീക്ഷ. ‐ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ പറഞ്ഞു.