ഹിജാബിന് എതിരായ പ്രതിഷേധത്തിൽ ഇറാൻ സ്ത്രീകൾക്ക് ഒപ്പമെന്നു പ്രഖ്യാപിച്ചു ചെന്നൈയിൻ എഫ്.സിയുടെ ഇറാനിയൻ താരം

സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് ആയി ഇറാനിൽ അലയടിക്കുന്ന പ്രതിഷേധങ്ങൾക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് ഇടയിൽ പിന്തുണയും ആയി ചെന്നൈയിൻ എഫ്.സിയുടെ ഇറാനിയൻ പ്രതിരോധ താരം വഫ ഹഖമനേഷി. ഈസ്റ്റ് ബംഗാളിന് എതിരെ ചെന്നൈയിനു ആയി വിജയഗോൾ നേടിയത് വഫ ആയിരുന്നു. ഗോൾ നേടിയതിന് ശേഷം ജേഴ്‌സി ഉയർത്തി ‘Women, Life, Freedom’ എന്ന സന്ദേശം താരം പ്രദർശിപ്പിക്കുക ആയിരുന്നു. ഇറാനിൽ എങ്ങും സ്വാതന്ത്ര്യത്തിന് ആയി സ്ത്രീകൾ ഉയർത്തുന്ന മുദ്രാവാക്യം ആണ് ഇത്.

ചെന്നൈയിൻ

തലമുടി പുറത്ത് കണ്ടു എന്ന പേരിൽ മത സദാചാര പോലീസ് കൊലപ്പെടുത്തിയ മെഹ്സ അമിനിയുടെ മൃതദേഹം മറവ് ചെയ്യുന്ന സമയത്ത് ഹിജാബ് വലിച്ചെറിഞ്ഞു ഈ മുദ്രാവാക്യം ഇറാനിലെ വനിതകൾ ഉയർത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷമാണ് ഇറാനിൽ സ്ത്രീ സ്വാതന്ത്ര്യത്തിന് ആയി വലിയ പ്രതിഷേധം ഉയർന്നത്. ഇതിനു പിന്തുണ അർപ്പിക്കുക ആയിരുന്നു തന്റെ ഗോളിന് ശേഷം ഇറാനിയൻ താരം. വഫയുടെ ഏക ഗോളിന് ചെന്നൈയിൻ മത്സരം ജയിച്ചു എങ്കിലും അതിനകം തന്നെ മഞ്ഞ കാർഡ് ലഭിച്ചിരുന്ന വഫ ഈ സന്ദേശം പ്രദർശിപ്പിച്ചതിനു രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോവുക ആയിരുന്നു. താരത്തിന്റെ ധീരതക്ക് വലിയ പിന്തുണയാണ് ആരാധകർ സാമൂഹിക മാധ്യമങ്ങളിൽ അടക്കം നൽകുന്നത്.