കൊച്ചി, ഒക്ടോബര്‍ 20, 2020: പ്രമുഖ ഹെല്‍ത്ത്‌കെയര്‍-വെല്‍നെസ് ബ്രാന്‍ഡായ ഹീല്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരും സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ഔദ്യോഗിക സ്‌പോണ്‍സര്‍മാരാവും. ഹീലുമായുള്ള പങ്കാളിത്തം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതായി കെബിഎഫ്‌സി അറിയിച്ചു.
ഏറ്റവും മികച്ച പ്രകൃതിദത്തവും ആധുനികവുമായ മരുന്ന് സംയോജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യക്തിപരിചരണവും ഗാര്‍ഹിക പരിപാലന രീതികളും മെച്ചപ്പെടുത്തുന്ന ആരോഗ്യകരമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനായി 2015ലാണ് ഹീല്‍ സ്ഥാപിതമായത്. കമ്പനിയുടെ വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത ഗാര്‍ഹിക, വ്യക്തിഗത പരിചരണ ഉത്പന്നങ്ങളിലൂടെ മികച്ച നിലവാരവും താങ്ങാനാവുന്നതും എളുപ്പത്തിലുള്ള ലഭ്യതയും ഉറപ്പാക്കാനാണ് ഹീല്‍ ശ്രമിക്കുന്നത്.
പങ്കാളിത്തത്തിന്റെ ഭാഗമായി വരാനിരിക്കുന്ന സീസണില്‍ താരങ്ങള്‍ ധരിക്കുന്ന ക്ലബ്ബിന്റെ ഔദ്യോഗിക ജഴ്‌സിയുടെ വലത് തോള്‍ഭാഗത്ത് ഹീലിന്റെ ലോഗോ ആലേഖനം ചെയ്യും. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പിന്തുണക്കാര്‍ക്കായി സമീപ ഭാവിയില്‍ പങ്കാളിത്തത്തോടെയുള്ള വെല്‍നസ് ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളും ഹീല്‍ നിര്‍മിക്കും.
ഐഎസ്എലിലെ ഏറ്റവും ആവേശമുണര്‍ത്തുന്ന ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സെന്നും ഹീലുമായി ബന്ധപ്പെട്ട ബ്രാന്‍ഡ് മൂല്യങ്ങളെയും ഉയര്‍ന്ന നിലവാരത്തെയും പ്രതീകാത്മകമാക്കുന്ന ഒരു ടീമുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും കൂട്ടുകെട്ടിനെ കുറിച്ച് സംസാരിക്കവെ ഹീല്‍ ഡയറക്ടര്‍ രാഹുല്‍ മാമ്മന്‍ പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക സ്‌പോണ്‍സറാകാന്‍ കഴിഞ്ഞത് ഞങ്ങള്‍ക്ക് അത്യന്തം ആനന്ദം നല്‍കുന്നുണ്ട്. ബ്രാന്‍ഡ് മാര്‍ക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായി, കെബിഎഫ്‌സിയുമായി വിജയകരമായ ദീര്‍ഘകാല പങ്കാളിത്തം പ്രതീക്ഷിക്കുന്നതിനോടൊപ്പം ടീമിന് മികച്ച വിജയകരമായ സീസണ്‍ നേരുന്നതായും രാഹുല്‍ മാമ്മന്‍ പറഞ്ഞു.
മൈതാനത്തിലെ പ്രകടനത്തിന് ശാരീരിക ക്ഷേമം മുഖ്യമാണെന്നും, പ്രകൃതിയുടെ ശക്തി ഉപയോഗിച്ച് ഒരു വ്യക്തിയുടെ സമഗ്രമായ ക്ഷേമത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, സുഖപ്പെടുത്തലുകളില്‍ സന്തോഷം പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചെറുപ്പവും സംരംഭകത്വവുമായ ബ്രാന്‍ഡായ ഹീലുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സഹഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഹീലിന്റെ ഗുണനിലവാരമുള്ളതും, പ്രകൃതിദത്തവും, താങ്ങാനാവുന്നതുമായ വെല്‍നെസ് ഉത്പന്നങ്ങളുടെ പ്രയോജനം ഇനി ക്ലബ്ബിന്റെ പിന്തുണക്കാര്‍ക്കും നേടാന്‍ കഴിയുമെന്നതില്‍ വളരെയധികം സന്തോഷമുണ്ട്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.