ഹാട്രിക്കുമായി ഐക്കർ ഗ്വാറോചചെന കളം നിറഞ്ഞ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തി എഫ്സി ഗോവ. ബ്രണ്ടൻ ഫെർണാണ്ടസും ഗോവക്കായിൽ വല കുലുക്കിയപ്പോൾ വിപി സുഹൈറും സർത്തക് ഗോലുയും ഈസ്റ്റ് ബംഗാളിനായി ഗോൾ നേടി. ടോപ്പ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറാനും ഇതോടെ ഗ്വാറോച്ചെന്നക്കായി. വിജയത്തോടെ ഗോവ മൂന്നാം സ്ഥാനത്തേക്ക് കയറിയെങ്കിലും രണ്ടു മത്സരം കുറച്ചു കളിച്ച കേരള ബ്ലാസ്റ്റേഴ്‌സും മോഹൻ ബഗാനും തൊട്ടു പിറകിൽ ഉണ്ട്. ഈസ്റ്റ് ബംഗാൾ ഒൻപതാമത് തുടരുകയാണ്.
ഇടതടവില്ലാതെ ഗോളുകൾ പിറന്ന മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ തന്നെ ഗ്വാറോച്ചെന്ന സ്കോറിങ്ങിന് തുടക്കമിട്ടു. വലത് വിങ്ങിലൂടെ എത്തിയ മുന്നേറ്റം ബോക്സിനുള്ളിൽ നിന്നും താരം അനായാസം വലയിൽ എത്തിച്ചു. ഇരുപത്തിയൊന്നാം മിനിറ്റിൽ അടുത്ത ഗോൾ എത്തി. നോവയുടെ ക്രോസിൽ ഹെഡർ ഉതിർത്ത് ഗ്വാറോച്ചെന്ന തന്നെ വലകുലുക്കി. വെറും രണ്ടു മിനിറ്റിനു ശേഷം താരം തന്റെ ഹാട്രിക് ഗോൾ സ്വന്തമാക്കി. കോർണറിൽ നിന്നെത്തിയ ബോൾ ക്ലീയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാളിന് പിഴച്ചപ്പോൾ തിരിച്ചു ബോക്സിലേക്ക് എത്തിയ പന്ത് ഗ്വാറോച്ചെന്ന വലയിലേക്ക് എത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ ഗോവ നിർത്തിയേടത്തു നിന്നും ആരംഭിച്ചു. അൻപത്തിമൂന്നാം മിനിറ്റിൽ ബ്രണ്ടൻ ഫെർണാണ്ടസിന്റെ മികച്ചൊരു ഫ്രീകിക്ക് ആണ് ഗോവക്ക് നാലാം ഗോൾ സമ്മാനിച്ചത്. പിന്നീട് മത്സരത്തിൽ ഈസ്റ്റ് ബംഗാൾ തിരിച്ചു വരവ് അറിയിച്ച് കൊണ്ട് ഗോളുകൾ നേടാൻ തുടങ്ങി. അൻപതിയൊൻപതാം മിനിറ്റിൽ നോറെം സിങ്ങിന്റെ ക്രോസിൽ ഹെഡർ ഉതിർത്ത് കൊണ്ട് വിപി സുഹൈർ ഗോൾ നേടി. അറുപതിയാറാം മിനിറ്റിൽ നോറെം സിങ്ങിന്റെ തന്നെ അസിസ്റ്റിൽ സർത്തക് ഈസ്റ്റ് ബംഗാളിന്റെ രണ്ടാം ഗോൾ കണ്ടെത്തി. പിന്നീട് ഗോവ തന്നെ മത്സരം വരുതിയിൽ ആകിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ ഇരു കൂട്ടർക്കും സാധിച്ചില്ല.