ബെർബ ഗോളടിച്ചിട്ടും കേരളത്തിന്റെ കടം തീർന്നില്ല, കൊൽക്കത്തയിൽ സമനില

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി. നിർണായക മത്സരത്തിൽ എടികെ കൊൽക്കത്തയോട് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങി. രണ്ടുതവണ മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്. ബെർബറ്റോവും ഗുഡ്യോണും വലകുലുക്കിയിട്ടും 2-2 സമനിലയെ‌ കേരളത്തിന് നേടാനായുള്ളൂ.

ഗുഡ്യോണിനേയും വിനീതിനേയും മുന്നേറ്റ നിരയിൽ ഇറക്കി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണ ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. അതിനുള്ള ഫലം 33ആം മിനുട്ടിൽ ഗുഡ്യോണിന്റെ ഗോളിലൂടെ കേരളത്തിന് കിട്ടി. പ്രശാന്ത് മോഹന്റെ മികവുറ്റ ക്രോസിന് തലവെച്ചായിരുന്നു ഗുഡ്യോണിന്റെ ഗോൾ. ഐസ്‌ലാന്റ് താരത്തിന്റെ ആദ്യ ഐ എസ് എൽ ഗോളാണിത്.

പക്ഷെ ലീഡ് കുറേ സമയം നിലനിർത്താൻ ബ്ലാസ്റ്റേഴ്സിനായില്ല. അഞ്ച് മിനുട്ടുകൾക്കകം ടെയ്ലറിലൂടെ കൊൽക്കത്ത സമനില പിടിച്ചു. ഒരു ഡിഫ്ലക്റ്റഡ് ലോംഗ് റേഞ്ചർ സുഭാഷിഷിനെ മറികടക്കുക ആയിരുന്നു. രണ്ടാം പകുതിൽ 55ആം മിനുറ്റിലായിരുന്നു ബെർബറ്റോവ് തന്റെ മാന്ത്രിക സ്പർശം പുറത്തെടുത്തത്. ബോക്സിന് പുറത്ത് നിന്ന് ബെർബ തൊടുത്ത ഫസ്റ്റ് ടച്ച് ഷോട്ട് വലയിൽ എത്തുകയയിരു‌ന്നു.

ഇത്തവണയും ബ്ലാസ്റ്റേഴ്സിന് ലീഡ് നിലനിർത്താൻ കഴിഞ്ഞില്ല. 75ആം മിനുട്ടിൽ തോർപ്പിന്റെ ഹെഡറിൽ എടികെ വീണ്ടും ഒപ്പം. ജയം അത്യാവശ്യമായിരുന്ന ബ്ലാസ്റ്റേഴ്സ് ബെർബയെ മാറ്റി യുവതാരം സഹലിന് അരങ്ങേറ്റം കൊടുത്തിട്ടും രക്ഷയുണ്ടായില്ല.

സമനിലയോടെ കേരളം 21 പോയന്റോടെ അഞ്ചാം സ്ഥാനത്തേക്ക് കയറിയെങ്കിലും മൂന്നു മത്സരങ്ങൾ കുറവ് കളിച്ച ഗോവ 20 പോയന്റുമായി പിറകിൽ ഉണ്ട്. ഇനി മൂന്നു മത്സരങ്ങൾ മാത്രമെ ബ്ലാസ്റ്റേഴ്സിന് ബാക്കിയുള്ളൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഒവൈസ് ഷാ നയിച്ചു, സേവാഗിന്റെ ടീമിനെ തോല്പിച്ച് അഫ്രീദിയും സംഘവും
Next articleശക്തരായ സൗരാഷ്ട്രയെ മറികടന്ന് ജമ്മു കാശ്മീര്‍