ലീഗ് ചാമ്പ്യന്മാരും കഴിഞ്ഞ സീസണിലെ ജേതാക്കളും തോൽവിയേറ്റു പിന്മാറിയ ഫൈനലിൽ, ബെംഗളൂരു എഫ്സിയും എടികെ മോഹൻ ബഗാനും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നു. നാല് വർഷങ്ങൾക്ക് ശേഷം ഐഎസ്എൽ ട്രോഫി ആണ് ബെംഗളൂരു ലക്ഷ്യം വെക്കുന്നത് എങ്കിൽ, മോഹൻ ബഗാനെന്ന ഇതിഹാസ ക്ലബ്ബുമായി ലയിച്ച ശേഷമുള്ള ആദ്യ കിരീടം ആണ് എടികെ സ്വപ്നം കാണുന്നത്. മുൻപ് മൂന്ന് തവണ ജേതാക്കൾ ആവാൻ എടികെക്ക് സാധിച്ചിട്ടുണ്ട്. ലീഗിൽ ഏറ്റു മുട്ടിയപ്പോൾ എതിർ തട്ടകത്തിൽ ഇരു ടീമുകളും വിജയം കണ്ടിരുന്നു. അതിനാൽ തന്നെ ഫൈനൽ കൂടുതൽ പ്രവചനാത്മകം ആവുന്നുണ്ട്. ഗോവയിലെ ഫറ്റോർടഡ സ്റ്റേഡിയത്തിൽ ശനിയാഴ്ച 7.30ന് മത്സരത്തിന് വിസിൽ മുഴങ്ങും.
സീസണിൽ സ്ഥിരതയില്ലാത്ത പ്രകടനവുമായി ഫോമിന്റെ ഉയർച്ച താഴ്ച്ചകൾ കണ്ടാണ് എടികെ ഫൈനലിലേക്ക് എത്തുന്നത്. കഴിഞ്ഞ തവണ തങ്ങളെ സെമിയിൽ വീഴ്ത്തിയ ഹൈദരാബാദിനെ ഇത്തവണ രണ്ടു പാദങ്ങളിലും പിടിച്ചു കെട്ടാൻ അവർക്കായി. ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകളും അവർക്ക് സ്വന്തമാണ്. ഉറച്ച പ്രതിരോധവും പോസ്റ്റിന് കീഴിൽ വിശാൽ ഖയ്ത്തിന്റെ വിശ്വസ്ത കരങ്ങളും ടീമിന് ആത്മവിശ്വാസം നൽകും. റോയ് കൃഷ്ണയുടെ അനുഭവ സമ്പത്തിനും ശിവ ശക്തിയുടെ വേഗതക്കും സൂപ്പർ സബ്ബ് റോളിൽ തിളങ്ങുന്ന ഛേത്രിക്കും തടയിടാൻ മോഹൻ ബഗാന് ഒരിക്കൽ കൂടി പ്രീതം കോട്ടാൽ നയിക്കുന്ന പ്രതിരോധത്തിന്റെ മികച്ച പ്രകടനം ആവശ്യമുണ്ട്. അതേ സമയം ഹ്യൂഗോ ബൊമസും പെട്രാഡോസും അടങ്ങിയ മുൻ നിരയുമായി ബെംഗളൂരു പ്രതിരോധം ബേധിക്കാൻ കോച്ച് ഫെറാണ്ടോ തന്ത്രങ്ങൾ മെനയും. ഗോൾ കണ്ടെത്താൻ വിഷമിക്കുന്ന മൻവീർ സിങ്ങിൽ നിന്നും ലിസ്റ്റൻ കൊളാസോയിൽ നിന്നും നിർണായക മത്സരത്തിൽ എടികെ കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. ഫിറ്റ്നസ് വീണ്ടെടുത്ത ആഷിക് കുരുണിയനെയും എ ടി കെയ്ക്ക് ആശ്രയിക്കാം. . ഗ്ലാൻ മർട്ടിൻസിനും മാക് ഹ്യൂഗിനും ബെംഗളൂരു മധ്യ നിരയെ എങ്ങനെ മെരുക്കാൻ സാധിക്കും എന്നതും നിർണായകമാവും.
ഫോമിന്റെ നെറുകയിൽ നിന്നാണ് ബെംഗളൂരു എഫ്സി ഫൈനലിലേക്ക് എത്തുന്നത്. പുതു വർഷത്തിൽ ടീം ലീഗിൽ ആരംഭിച്ച കുതിപ്പ്, ഷീൽഡ് ജേതാക്കൾ ആയ മുംബൈയേയും വീഴ്ത്തി ഫൈനലിൽ എത്തി നിൽക്കുകയാണ്. സെമിയിൽ പെനാൽറ്റിയിലേക്ക് വരെ കടന്ന മത്സരത്തിന്റെ ഊർജം തീർച്ചയായും ബെംഗളൂരുവിന് കൂടുതൽ കരുത്തു നൽകും. സീസണിലെ കണ്ടെത്തൽ ആയ ശിവശക്തിയും റോയ് കൃഷ്ണയും ചേർന്ന മുന്നെത്തിൽ നിന്നും തുടങ്ങുന്നു ടീമിന്റെ ശക്തി. ജിംഗനും ജോവനോവിച്ചും ബ്രൂണോയും ചേർന്ന പ്രതിരോധം തന്നെ ഫൈനലിലും അണിനിരക്കും. കളി മെനയുന്ന ഹാവി ഹെർണാണ്ടസിന് പിറകിൽ പ്രഭിർ ദാസും റോഷൻ സിങും സുരേഷ് വാങ്ജമും നയെറോം സിങും മധ്യ നിരക്ക് കരുത്തു പകരാൻ ഉണ്ടാവും. താഴെ ഇറങ്ങി വന്നും അതി വേഗം കുതിച്ചും നിർണായ നീക്കങ്ങൾ നടത്താൻ ശിവശക്തി കൂടി ഉണ്ടാവുന്നതോടെ ബെംഗളൂരു കോച്ച് ഗ്രെയ്സണ് അനായാസം എതിർ ടീമിനെതിരെ തന്ത്രങ്ങൾ മെനയാൻ സാധിക്കും. പോസ്റ്റിന് കീഴിൽ ഗുർപ്രീതിന്റെ കരങ്ങളും ടീമിന് കരുത്തു പകരും. ഡ്യുരന്റ് കപ്പ് ജേതാക്കൾ കൂടി ആയ ബെംഗളൂരുവിന് മറ്റൊരു മേജർ ട്രോഫി കൂടി കാബിനിൽ എതിക്കാനുള്ള അസുലഭ അവസരമാണ് ഈ മത്സരം.