“ബെംഗളൂരു എഫ് സിയെ തോൽപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാം” – ഷറ്റോരി

ബെംഗളൂരു എഫ് സിയെ എങ്ങനെയാണ് തോല്പ്പിക്കേണ്ടത് എന്ന് അറിയാം എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈൽകോ ഷറ്റോരി. താൻ കഴിഞ്ഞ സീസണിൽ നാലു തവണ ബെംഗളൂരുവിനെ നേരിട്ടുണ്ട്. അതിൽ ഒരു തവണ അവരെ തോൽപ്പിക്കുകയും രണ്ട് തവണ സമനിലയിൽ പിടിക്കുകയും ചെയ്തു. അതുകൊണ്ട് തനിക്ക് എങ്ങനെ അവരെ തോൽപ്പിക്കണം എന്നറിയാം. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടാൻ ഇരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. താൻ ഇന്ന് ശക്തമായ ടീമിനെ തന്നെ ഇറക്കും എന്നും ഷറ്റോരി പറഞ്ഞു. പ്ലേ ഓഫ് യോഗ്യത ലഭിക്കില്ല എന്നത് കൊണ്ട് ദുർബല ടീമിനെ ഇറക്കില്ല. തങ്ങൾ പ്രൊഫഷണൽ ഫുട്ബോൾ ആണ് കളിക്കുന്നത്. ഇത് ചാരിറ്റി മത്സരമല്ല. ഷറ്റോരി പറഞ്ഞു. ഇനി ബാക്കിയുള്ള രണ്ട് മത്സരങ്ങളും വിജയിക്കൽ മാത്രമാണ് ലക്ഷ്യം. അദ്ദേഹം കൂട്ടിച്ചേർത്തു.