ഇന്ന് കൊച്ചിയിലെ അവസാന അങ്കം, കടം കുറച്ചെങ്കിലും വീട്ടാൻ ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിന് എതിരെ

ഐ എസ് എല്ലിൽ ഈ സീസണിൽ കൊച്ചിയിലെ അവസാന മത്സരം ഇന്ന് നടക്കും. ഇന്ന് കലൂരിൽ വെച്ച് ബെംഗളൂരു എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. പ്രതീക്ഷകൾ ഒന്നും ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ചിരവൈരികളായ ബെംഗളൂരുവിനെ തോൽപ്പിച്ച് കൊച്ചിയിലെ ആരാധകർക്ക് ഒരു വിരുന്ന് ഒരുക്കാം എന്നാകും കരുതുന്നത്. എന്നാൽ അത് ഷറ്റോരിയുടെ ടീമിന് എളുപ്പമാകില്ല.

ഇതിനകം തന്നെ പ്ലെ ഓഫ് ഉറപ്പായ ബെംഗളൂരു എഫ് സി ചെറിയ മാറ്റങ്ങളുമായാകും ഇന്ന് ഇറങ്ങുക. പുതിയ സൈനിംഗ് കീവോൺ ബെംഗളൂരുവിനായി ഇന്ന് അരങ്ങേറും. കഴിഞ്ഞ മത്സരത്തിൽ എഫ് എഫ് സി കപ്പിൽ ഒമ്പതു ഗോൾ അടിച്ചു കൂട്ടിയ ബെംഗളൂരു മികച്ച ഫോമിൽ ആണ്. ബെംഗളൂരുവിനെതിരെ ഇതുവരെ ജയിക്കാൻ ആകാത്തതിന്റെ വിഷമം എങ്കിലും മാറ്റാൻ കേരളത്തിന് ആകണം എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

ഡിഫൻഡർ ജുവാനനും സ്ട്രൈക്കർ ഛേത്രിയും ഇന്ന് ബെംഗളൂരു എഫ് സി നിരയിൽ ഉണ്ടാകില്ല. രണ്ട് പേരും സസ്പെൻഷനിലാണ്. രാത്രി 7.30നാണ് മത്സരം നടക്കുക.