എജ്ജാതി ത്രില്ലർ!! ഗോൾ മഴക്ക് ഒടുവിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ഗോവയ്ക്ക് ആദ്യ വിജയം

Img 20211207 212308

എഫ് സി ഗോവയുടെ ആദ്യ ജയം ആവേശകരമായ വിജയം തന്നെ ആയി. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട എഫ് സി ഗോവ ഏഴു ഗോൾ ത്രില്ലറിന് ഒടുവിലാണ് വിജയം സ്വന്തമാക്കിയത്. മൂന്നിനെതിരെ നാലു ഗോളുകൾക്കായിരുന്നു എഫ് സി ഗോവയുടെ വിജയം. ആദ്യ പകുതിയിൽ തന്നെ ഇന്ന് അഞ്ചു ഗോളുകൾ ആണ് പിറന്നത്. 14ആം മിനുട്ടിൽ നൊഗൂരയുടെ ഒരു മാരക ലോങ് റേഞ്ചറിലൂടെ ഗോവയാണ് ഇന്നത്തെ ഗോളടി തുടങ്ങിയത്. ഈ ഗോളിന് അത്ര തന്നെ മനോഹരമായ ഒരു ഗോളിൽ 26ആം മിനുട്ടിൽ പെരൊസോവിച് ഈസ്റ്റ് ബംഗാളിന് സമനില നൽകി.

32ആം മിനുട്ടിൽ പെനാൾട്ടിയിലൂടെ ഓർടിസ് ഗോവയെ വീണ്ടും മുന്നിൽ എത്തിച്ചു. ഇത്തവണ 37ആം മിനുട്ടിൽ ഡെർസെവിച് ഈസ്റ്റ് ബംഗാളിന് സമനില നൽകി. സ്കോർ 2-2. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു സെൽഫ് ഗോളിൽ പെരൊസോവിച് എഫ് സി ഗോവയ്ക്ക് മൂന്നാം ഗോൾ നൽകി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോവ 3-2ന് മുന്നിൽ.

രണ്ടാം പകുതിയിൽ പെരോസെവിച് തന്നെ തന്റെ സെൽഫ് ഗോളിന് പരിഹാരം കണ്ടെത്തി. അറുപതാം മിനുട്ടിലായിരുന്നു ഗോൾ. സ്കോർ 3-3. അവസാനം 80ആം മിനുട്ടിൽ നൊഗോരയുടെ വക ഗോവയുടെ നാലാം ഗോൾ വന്നു. ഈ ഗോൾ ഗോവയുടെ വിജയവും ഉറപ്പിച്ചു. ഈ ജയത്തോടെ ഗോവ ലീഗിലെ അവസാന സ്ഥാനത്ത് നിന്ന് രക്ഷപ്പെട്ടു. ഈസ്റ്റ് ബംഗാൾ ആണ് ഇപ്പോൾ ലീഗിൽ അവസാനം ഉള്ളത്.

Previous articleവാൻ ഡെ ബീകും ഡീൻ ഹെൻഡേഴ്സണും നാളെ ആദ്യ ഇലവനിൽ
Next articleദേശീയ സീനിയർ ഫുട്ബോൾ,ഒഡീഷയെ വീഴ്ത്തി മണിപ്പൂർ ഫൈനലിൽ