ഐ എസ് എൽ ക്ലബായ ഡെൽഹി ഡൈനാമോസ് ഇനി ഇല്ല എന്നതും ഔദ്യോഗികമായി. നേരത്തെ പൂനെ സിറ്റി എന്ന ക്ലബ് ഉണ്ടാവില്ല എന്ന ഔദ്യോഗിക വാർത്ത വന്നിരുന്നും അതിനു പിന്നാലെയാണ് അവസാന അഞ്ചു വർഷമായി ഉണ്ടായിരുന്ന ഡെൽഹിയുടെയും പ്രഖ്യാപനം. പൂനെ സിറ്റി അടച്ചു പൂട്ടിയെങ്കിൽ ഡെൽഹിക്ക് സ്ഥലം മാറ്റം മാത്രമേ ഉള്ളൂ.
ക്ലബിന്റെ ഉടമകളും സ്റ്റാഫുകളും താരങ്ങളും ക്ലബിനൊപ്പം തന്നെ തുടരും. പേരും ലോഗോയും മാറും. ഒഡീഷ എഫ് സി എന്നാകും ഇനി ഡെൽഹി ഡൈനാമോസിന്റെ പേര്. ഡെൽഹിയിൽ ഫുട്ബോളിനെ വളർത്താൻ നോക്കിയെങ്കിലും ചില പിഴവുകൾ പറ്റി എന്ന് ക്ലബ് അറിയിച്ചു. ഈ മാറ്റം ബിസിനിസ തീരുമാനമാണെന്നും ക്ലബ് അധികൃതർ പറഞ്ഞു.
ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിൽ ആകും ഡെൽഹി ഇനി കളിക്കുക. ഈ സ്റ്റേഡിയത്തിനായി 5 വർഷത്തെ കരാറിൽ ഡെൽഹി ഒപ്പുവെച്ചു. സാമ്പത്തിക പ്രതിസന്ധികളും ഒപ്പം ക്ലബിന് ഡെൽഹിയിൽ ആരാധകർ ഇല്ലാത്തതും ഒക്കെ കണക്കിൽ എടുത്താണ് ക്ലബ് ഹോം ഗ്രൗണ്ട് മാറ്റുന്നത്. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനമായിരുന്നു ഡെൽഹി ഐ എസ് എല്ലിൽ കാഴ്ചവെച്ചത്. പലപ്പോഴും ഒഴിഞ്ഞ സ്റ്റേഡിയത്തിൽ കളിക്കേണ്ട ഗതി ആയിരുന്നു ഡെൽഹിക്ക്.