സെമി ഫൈനൽ ഉറപ്പിക്കാൻ മുംബൈ ഇന്ന് ചെന്നൈക്കെതിരെ

- Advertisement -

ചെന്നൈക്കെതിരെ ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുന്ന മുംബൈയുടെ കണ്ണ് സെമി ഫൈനലിൽ തന്നെയാവും. 12 കളികളിൽ നിന്ന് 19 പോയിന്റുള്ള അവർക്ക് 3 പോയിന്റ് നേടിയാല്‍ ആദ്യ നാല് സ്ഥാനം ഉറപ്പിക്കുമെന്ന് നന്നായറിയാം. കഴിഞ്ഞ കളിയിൽ കേരളത്തെ ഫോർലാൻ്റെ ഹാട്രിക്കിൽ 5-0 ത്തിനു തകർത്ത മുംബൈ ഉജ്ജ്വല ഫോമിലുമാണ്. എന്നാൽ ലീഗിൽ ഇന്നേ വരെ ചെന്നൈക്കെതിരെ ജയിക്കാനായിട്ടില്ല എന്നത് അവർക്ക് ആശങ്ക പകരുന്നു. ലീഗിലെ എക്കാലത്തേയും മികച്ച പ്രകടനം പുറത്തെടുക്കുന്ന മുംബൈ തങ്ങളുടെ ആദ്യ സെമി ഫൈനൽ പ്രവേശനമെന്ന സ്വപ്നം പൂർത്തിയാക്കാനാവും ശ്രമിക്കുക.

ബാഗ്ലൂർ നിരയിൽ നിന്ന് സുനിൽ ഛേത്രികൊപ്പം തിരിച്ചെത്തിയ അമരീന്ദർ സിങ് ആവും ഗോൾ വല കാക്കുക. പ്രതിരോധത്തിൻ്റെ ചുമതല മികച്ച ഫോമിലുള്ള റൊമാനിയൻ താരം ലൂസിയൻ ഗോയനിലും അൻവർ അലിയിലും ഭദ്രമാണ്. ലിയോ കോസ്റ്റ, ഡെഫഡെറികോ തുടങ്ങിയവരാവും മധ്യനിര നിയന്ത്രിക്കുക. മുംബൈയുടെ ഇത് വരെയുള്ള പ്രയാണത്തിൽ ഡെഫഡെറികോ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. മിന്നും ഫോമിലുള്ള മാർക്വീ താരം ഡീഗോ ഫോർലാനും സുനിൽ ഛേത്രിക്കും ഒപ്പം സോണി നോർദ കൂടി ഇറങ്ങിയാൽ അതിശക്തമാകും മുംബൈ മുന്നേറ്റം. ചെന്നൈക്കെതിരെ തൻ്റെ ഗോൾ വരൾച്ച അവസാനിപ്പിക്കാനാവും സുനിൽ ഛേത്രിയുടെ ശ്രമം. ഈ മുന്നേറ്റത്തെ ചെന്നൈ എങ്ങനെ നേരിടുമെന്നതാവും മത്സരത്തിൽ നിർണ്ണായകമാവുക.

മോശം ഫോമിലാണ് ചാമ്പ്യന്മാർ. വിജയത്തിൽ കുറഞ്ഞ ഒന്നും തുടർച്ചയായ മൂന്നാം സീസണിലും സെമി ഫൈനലിലേക്കുള്ള ടിക്കറ്റ് നൽകില്ലെന്ന് മറ്റരാസിക്ക് നന്നായറിയാം. 11 കളികളിൽ നിന്ന് 14 പോയിൻ്റുള്ള അവർക്ക് സെമിയിലെത്താൻ ഇനിയുള്ള മത്സരങ്ങൾ വിജയിക്കേണ്ടത് അത്യാവശ്യമാണ്. കൊൽക്കത്തയുമായി വഴങ്ങിയ 1-1 ൻ്റെ സമനിലക്ക് ശേഷമെത്തുന്ന ചെന്നൈയെ വലക്കുന്നത് അവേ മത്സരങ്ങളിലെ മോശം ഫോമാണ്. ഇത് വരെ കളിച്ച അവേ മത്സരങ്ങളിൽ ഒരേ ഒരു മത്സരം മാത്രം ജയിക്കാനായ അവർ 6 ഗോളുകളെ ആ മത്സരങ്ങളിൽ നേടിയിട്ടുള്ളു. എന്നാൽ സൂപ്പർ ലീഗിൽ ഇത് വരെ ചെന്നൈക്കെതിരെ പരാജയമറിഞ്ഞിട്ടില്ല എന്നത് അവർക്ക് ആശ്വാസം പകരുന്ന വസ്തുതയാണ്.

കരൺജിത്ത് സിങ് തന്നെയാവും ചെന്നൈ ഗോൾ വല കാക്കുക. മാർക്വീ താരം ജോൺ ആർനെ റൈസിനും ക്യാപ്റ്റൻ ബെർണാഡ്‌ മെൻ്റിക്കും ഒപ്പം എലി സാബിയയും വാഡുവും അടങ്ങുന്ന പ്രതിരോധത്തിന് വലിയ ഭീക്ഷണിയാവും മുംബൈ മുന്നേറ്റം. മധ്യനിരയിൽ അഭിഷേക് ദാസ്, ജയേഷ്, തോയി സിങ് എന്നീ താരങ്ങൾകൊപ്പം ഡച്ച് താരം ഹാൻസ് മുൾഡറുടെ പ്രകടനമാവും നിർണ്ണായകമാവുക. മുംബൈക്കെതിരെ മുൾഡറുടെ ഉത്തരവാദിത്യവും ഇരട്ടിയാവും. ഡുഡുവിൻ്റെ ഫോമില്ലായ്മയും ജെജെയുടെ പരിക്കും വലക്കുന്ന ചെന്നൈ ഇറ്റാലിയൻ താരം സുചിയെ ആവും മുന്നേറ്റത്തിൽ ആശ്രയിക്കുക. കഴിഞ്ഞ മത്സരങ്ങളിൽ ഗോൾ കണ്ടത്താനായ സുചികൊപ്പം പെലൂസയും ഉണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇത് വരെ 5 പ്രാവശ്യം ഇരു ടീമുകളും മുഖാമുഖം വന്നിട്ടുണ്ട്. ഇതിൽ 4 പ്രാവശ്യവും വിജയം ചെന്നൈക്കൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലും അവസാനിച്ചു. കണക്കിലെ ഈ മുൻതൂക്കത്തിൽ പ്രതീക്ഷിച്ചാവും സൂപ്പർ മച്ചാൻസ് ഇറങ്ങുക. മികച്ച ഫോം കണക്കുകൾ മറികടക്കും എന്ന പ്രതീക്ഷയിലാണ് അതേ സമയം മുംബൈ. വൈകിട്ട് 7 മണിക്ക് മുംബൈ ഫുട്ബോൾ അറീനയിൽ നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.

Advertisement