ആഷ്‌ലി വെസ്റ്റ് വുഡിനെ നേരിടാൻ ബെംഗളൂരു കൊൽക്കത്തയിൽ

- Advertisement -

കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ എ.ടി.കെ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ബെംഗളൂരു എഫ്.സിയെ നേരിടും. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ തുടർച്ചയായി രണ്ട് പരാജയങ്ങൾ ഏറ്റുവാങ്ങിയാണ് എ.ടി.കെ ഇന്നിറങ്ങുന്നത്. ബെംഗളൂരു ആവട്ടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നാലും ജയിച്ചാണ് വരുന്നത്.

ചെന്നൈയിൻ എഫ്.സിയോടും ജാംഷെദ്പുർ എഫ്.സിയോടും സ്വന്തം ഗ്രൗണ്ടിൽ തോറ്റാണ് എ.ടി.കെ ബെംഗളൂരുവിനെ നേരിടുന്നത്. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തുള്ള എ.ടി.കെക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെ കൂറേ അവസാനിച്ച മട്ടാണ്‌. എ.ടി.കെ നിരയിൽ സെക്കിഞ്ഞോ പരിക്ക് മൂലം ഇന്നത്തെ മത്സരത്തിൽ ഇറങ്ങില്ല. അതെ സമയം പരിക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ പുറത്തിരുന്ന സൂപ്പർ താരം റോബി കീൻ ഇന്ന് കളിക്കുമെന്ന് ഉറപ്പില്ല.

ഇന്നത്തെ മത്സരം എ.ടി.കെയുടെ താത്കാലിക കോച്ച് ആയ ആഷ്‌ലി വെസ്റ്റ് വുഡ് തന്റെ പഴയ ടീമിനെ നേരിടുന്നു എന്ന പ്രേത്യകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ബെംഗളൂരു എഫ്.സിയെ കഴിഞ്ഞ തവണ ഫെഡറേഷൻ കപ്പ് ജേതാക്കളാക്കിയതും അതിനു മുൻപത്തെ വർഷം ബെംഗളൂരു എഫ്.സിയെ ഐ ലീഗ് ജേതാക്കളാക്കിയതും വെസ്റ്റ് വുഡ് ആയിരുന്നു. വെസ്റ്റ് വുഡിന് കീഴിൽ കളിച്ച രണ്ടു മത്സരങ്ങളും എ.ടി.കെ പരാജയപ്പെടുകയും ചെയ്തിരുന്നു.

എ.എഫ്.സി കപ്പ് മത്സരത്തിൽ ബെംഗളൂരു എഫ്.സി ഭൂട്ടാൻ ക്ലബ് ട്രാൻസ്‌പോർട് യുണൈറ്റഡിനെ 3-0 തോൽപ്പിച്ചിരുന്നു. ഐ.എസ്.എല്ലിൽ മുംബൈ സിറ്റി എഫ്.സിയെയും നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെയും തറപറ്റിച്ചാണ് ബെംഗളൂരു എഫ്.സിയുടെ വരവ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള അവർക്ക് ജയത്തോടെ ഒന്നാം സ്ഥാനം ഉറപ്പിക്കാനാവും അവരുടെ ശ്രമം. ബെംഗളൂരു നിരയിൽ സസ്‌പെൻഷൻ കാരണം ഹർമൻജോത് ഖബ്‌റക്ക് ഇന്നത്തെ മത്സരം നഷ്ട്ടമാകും. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ സുനിൽ ഛേത്രി നേടിയ ഏക ഗോളിൽ ബെംഗളൂരു മത്സരം ജയിച്ചിരുന്നു.

12 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി എ.ടി.കെ എട്ടാം സ്ഥാനത്താണ്. 12 മത്സരങ്ങളിൽ നിന്ന് തന്നെ 24 പോയിന്റുമായി ബെംഗളൂരു പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement