നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകർത്ത് മുംബൈ സിറ്റി

Mumbai City FC, മുംബൈ സിറ്റി എഫ്‌സി

പോയിന്റ് പട്ടികയുടെ രണ്ടറ്റത്തുമുള്ള ടീമുകൾ ഏറ്റു മുട്ടിയ മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് മുംബൈ സിറ്റി. മുംബൈയിൽ വെച്ചു നടന്ന മത്സരത്തിൽ വിനീത് റായിയും പെരേര ഡിയാസും ജഹോഹും വലകുലുക്കിയപ്പോൾ മറ്റൊരു ഗോൾ സെൽഫ് ഗോൾ ആയിരുന്നു. ഇതോടെ മുംബൈക്ക് തലപ്പത്ത് ഏഴു പോയിന്റ് ലീഡായി. നോർത്ത് ഈസ്റ്റ് സീസണിലെ പതിമൂന്നാം തോൽവി ആണ് ഏറ്റു വാങ്ങിയത്.
Mumbai City FC, മുംബൈ സിറ്റി എഫ്‌സി
അഞ്ച് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ പ്ലേയോഫിന് യോഗ്യത നേടിയ മുംബൈ സിറ്റി പക്ഷെ, ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് വിളിച്ചോതിയാണ് മത്സരം ആരംഭിച്ചത്. ഒന്നാം പകുതിയിൽ നാല് ഗോളുകളാണ് അവർ എതിർ പോസ്റ്റിൽ അവർ നിക്ഷേപിച്ചത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ മുബൈ ലീഡ് എടുത്തു. അഹ്മദ് ജഹോഹിന്റെ ഫ്രീകിക്ക് ഒരു ഡിഫ്ലെക്ഷനോടെ വലയിൽ പതിക്കുകയായിരുന്നു. നോർത്ത് ഈസ്റ്റിനെ കാഴ്ച്ചകാരാക്കി കൊണ്ട് ആറു മിനിറ്റിനു ശേഷം മുംബൈ ലീഡ് ഉയർത്തി. വലത് വിങ്ങിൽ നിന്നും എതിർ താരങ്ങളെ മറികടന്ന് മുന്നേറിയ ചാങ്തെ നൽകിയ പാസിൽ പെരേര ഡിയാസാണ് ലക്ഷ്യം കണ്ടത്. പതിനഞ്ചാം മിനിറ്റിൽ അലക്‌സ് സജിയുടെ സെൽഫ് ഗോളിൽ മുംബൈ മൂന്നാം ഗോൾ നേടി. ഗ്രെഗ് സ്റ്റിവർട്ടിന്റെ ഷോട്ട് തടയാനുള്ള സജിയുടെ ശ്രമം ഗോളിൽ കലാശിക്കുകയായിരുന്നു. പിന്നീട് പെരേര ഡിയാസിന്റെ ശ്രമം ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. നാല്പത്തിയഞ്ചാം മിനിറ്റിൽ മുംബൈ നാലാം ഗോൾ കണ്ടെത്തി. വിനീത് റായ് ആണ് ഇത്തവണ വല കുലുക്കിയത്. ഇഞ്ചുറി ടൈമിൽ ഡിയാസിനെ ഫൗൾ ചെയ്തതിന് വിൽമർ ഗിൽ രണ്ടാം മഞ്ഞക്കാർഡ് കാണുക കൂടി ചെയ്തതോടെ പത്തു പേരുമായാണ് നോർത്ത് ഈസ്റ്റ് രണ്ടാം പകുതിക്ക് ഇറങ്ങിയത്.
Mumbai City FC, മുംബൈ സിറ്റി എഫ്‌സി
എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ഗോളുകൾ ഒന്നും പിറന്നില്ല. ജയം ഉറപ്പിച്ച മുംബൈ സിറ്റി, ജഹോഹ്, ബിപിൻ സിങ്, ഗ്രെഗ് സ്റ്റുവാർട് എന്നിവരെ നേരത്തെ തന്നെ പിൻവലിച്ചു. മുംബൈ തന്നെ പന്തിന്മേലുള്ള ആധിപത്യം തുടർന്നപ്പോൾ കൂടുതൽ ഗോളുകൾ വഴങ്ങാതെ ഇരിക്കാനായിരുന്നു നോർത്ത് ഈസ്റ്റിന്റെ ശ്രമം. എൺപതിയെട്ടാം മിനിറ്റിൽ വിക്രം സിങിനെ ഗുർജിന്ദർ കുമാർ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പെരേര ഡിയാസിന് ലക്ഷ്യത്തിൽ എത്തിക്കാനായില്ല. താരത്തിന്റെ ഷോട്ട് നോർത്ത് ഈസ്റ്റിന്റെ മലയാളി കീപ്പർ മിർഷാദ് മിച്ചു തടുക്കുകയായിരുന്നു. ഇതോടെ തോൽവി അറിയാതെ 15 ഐ എസ് എൽ മത്സരങ്ങളും മുംബൈ സിറ്റി എഫ്‌സി പൂർത്തിയാക്കി.