ടോട്ടൻഹാമിന്റെ തിരിച്ചുവരവും മറികടന്ന് ബാഴ്‌സലോണക്ക് ജയം

പൊരുതി നിന്ന ടോട്ടൻഹാമിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ തോൽപ്പിച്ച് ബാഴ്‌സലോണ തങ്ങളുടെ പ്രീ സീസൺ വിജയത്തോടെ തുടങ്ങി. ഒരു വേളയിൽ ടോട്ടൻഹാമിന്റെ മികച്ച തിരിച്ചുവരവ് കണ്ട മത്സരത്തിൽ പെനാൽറ്റിയിൽ 5-3നാണ് ബാഴ്‌സലോണ ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ മത്സരം പൂർണമായി നിയന്ത്രിച്ച ബാഴ്‌സലോണ ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0 മുൻപിലായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടോട്ടൻഹാം രണ്ടു ഗോൾ തിരിച്ചടിക്കുകയും മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിൽ എത്തിക്കുകയായിരുന്നു.

ആദ്യ പകുതിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ്  ബാഴ്‌സലോണ രണ്ടു ഗോളുകൾ നേടിയത്. മുനീർ എൽ ഹദ്ദാദിയും ഈ സീസണിൽ ബാഴ്‌സലോണയിലെത്തിയ ആർതറുമാണ് ബാഴ്‌സലോണയുടെ ഗോളുകൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ച ടോട്ടൻഹാം രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് ബാഴ്‌സലോണയെ ഞെട്ടിച്ചു. സോണും കൗഡൗവുമാണ് ഗോളുകൾ നേടിയത്.

തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട് ഔട്ടിൽ ആന്റണി ജോർജിയോയുടെ പെനാൽറ്റി ഗോൾ കീപ്പർ സില്ലേസൺ രക്ഷപെടുത്തുകയുമായിരുന്നു. അവസാന പെനാൽറ്റി കിക്ക്‌ എടുത്ത മാൽകം ഗോൾ നേടിയതോടെ ബാഴ്‌സലോണ വിജയമുറപ്പിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleടി20 സ്ക്വാഡില്‍ തിരികെ എത്തി മുസ്തഫിസുര്‍ റഹ്മാന്‍
Next articleഫൈനലില്‍ കാലിടറി ഇന്ത്യന്‍ സഖ്യം, രോഹന്‍-കൂഹു ജോഡിയ്ക്ക് രണ്ടാം സ്ഥാനം