ഖൽബ് കവർന്ന് സഹലിന്റെ മാന്ത്രിക ചുവടുകൾ! ആദ്യ പകുതിയിൽ നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ് രണ്ടടി മുന്നിൽ

ഐ എസ് എല്ലിലെ അതിനിർണായക മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിക്ക് പിരിയുമ്പോൾ രണ്ടു ഗോളിന്റെ ലീഡിൽ നിൽക്കുന്നു. സഹലിന്റെ ഗംഭീര ഗോളാണ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകിയത്.

ഇന്ന് വിജയം നിർബന്ധം ആയതു കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തുടക്കം മുതൽ ആക്രമണം എന്ന തീരുമാനത്തിൽ ആയിരുന്നു. തുടക്കത്തിൽ തന്നെ റൈറ്റ് ബാക്കായ സന്ദീപിന് രണ്ട് നല്ല അവസരങ്ങൾ ലഭിച്ചു. ഒരു തവണ താരം ഗോൾ കീപ്പർ നവാസിനെ പരീക്ഷിക്കുകയും ചെയ്തു. മത്സരത്തിന്റെ 19ആം മിനുട്ടിലാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തത്. മലയാളി യുവതാരം സഹൽ അബ്ദുൽ സമദ് പന്ത് സ്വീകരിച്ച് മുംബൈ സിറ്റി ഡിഫൻസിനെ ആകെ വട്ടം കറക്കുന്ന ഫീറ്റുമായി മുന്നേറി. ബോക്സിന് പുറത്ത് ഡി ബോക്സിൽ വെച്ച് സഹൽ തന്നെ ഗോൾ ലക്ഷ്യമായി തൊടുത്തു. താരം വല കണ്ടെത്തുകയും ചെയ്തു.

സഹലിന്റെ സീസണിലെ അഞ്ചാം ഗോളായി ഇത്. ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. 34ആം മിനുട്ടിൽ വാസ്കസിന്റെ ഒരു വോളി മികച്ച ബ്ലോക്കിലൂടെ ആണ് മുംബൈ സിറ്റി തടഞ്ഞത്. ആദ്യ പകുതിയുടെ അവസാന നിമിഷം വാസ്കസ് കേരള ബ്ലാസ്റ്റേഴ്സിന് ഒരു പെനാൽട്ടി നേടി തന്നു. വാസ്കസ് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് കേരളത്തിന്റെ ലീഡ് ഇരട്ടിയാക്കി.

രണ്ടാം പകുതിയിലും ഈ ലീഡ് നിലനിർത്താൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് നാലാം സ്ഥാനത്ത് ഇന്ന് കളി അവസാനിപ്പിക്കാം. പിന്നെ അവസാന മത്സരത്തിൽ ഗോവക്ക് എതിരെ ഒരു സമനില നേടിയാൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം. മുംബൈ സിറ്റി അവസാന മത്സരത്തിൽ ഹൈദരബാദിനെതിരെ പോയിന്റ് നഷ്ടപ്പെടുത്തിയാലും കേരള ബ്ലാസ്റ്റേഴൈന് സെമി ഉറപ്പിക്കാം.

Comments are closed.