ഇന്ത്യന്‍ ഫുട്‌ബോള്‍ ആവേശത്തിന് നൂറുമേനി, കേരള യുണൈറ്റഡിന് തുടക്കം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഇന്ത്യന്‍ ടീം കേരള യുണൈറ്റഡിന് എടവണ്ണയില്‍ തുടക്കമായി. പ്രകൃതി രമണീയമായ മലപ്പുറം എടവണ്ണയിലെ സീതിഹാജി സ്റ്റേഡിയത്തില്‍ മുന്‍ അന്താരാഷ്ട്രാ താരം ഐ.എം വിജയന്‍ ഫുട്‌ബോള്‍ ഷൂട്ടിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ മറ്റൊരു ക്ലബ്ബായ കേരള യുണൈറ്റഡിന്റെ ആവേശകരമായ തുടക്കമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധരുടെ നെഞ്ചോട് ചേര്‍ന്നത്. ഐ.എസ്എലും ഐലീഗും കണ്ടുവളര്‍ന്ന ഫുട്്‌ബോള്‍ ആരാധകരുടെ വന്‍ വരവേല്‍പോടെയാണ് ചടങ്ങിന് ഐ.എം വിജയന്‍ തുടക്കമിട്ടത്. പരിശീലനം എല്ലാ ദിവസവും രാവിലെ ഏഴ് മുതല്‍ ആരംഭിക്കുമെന്ന് ക്ലബ്ബ് എം.ഡി സക്കരിയ്യ വയനാട്, സി.ഇ.ഒ ഷബീര്‍ മണ്ണാരില്‍ എന്നിവര്‍ ദുബൈയില്‍ നിന്നും അറിയിച്ചു. ഇരുവരും അല്‍ഹിലാല്‍ യുണൈറ്റഡ്(യു.എ.ഇ) ക്ലബ്ബുമായി പ്രവര്‍ത്തിച്ചുവരുന്നു.

ചടങ്ങില്‍ മുന്‍ സന്തോഷ് ട്രോഫി ക്യാപ്റ്റന്‍ ടി. ആസിഫ് സഹീര്‍ ടീമിന്റെ പ്രാക്ടീസ് ജഴ്‌സി ടീം ക്യാപ്റ്റന്‍ അര്‍ജ്ജുന്‍ ജയരാജിന് കൈമാറി നിര്‍വഹിച്ചു. സഹോദര ക്ലബ്ബായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ് ജഴ്‌സി ഐ.എം വിജയനും അല്‍ ഹിലാല്‍ യുണൈറ്റഡിന്റെ ജഴ്‌സി ആസിഫ് സഹീറിനും കോച്ച് ഷാജിറുദ്ദീന്‍ കോപ്പിലാന്‍ ഉപഹാരമായി നല്‍കി. ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ അതിഥികള്‍ക്കുള്ള മൊമെന്റോ വിതരണം ചെയ്തു. മരണമടഞ്ഞ ലോക ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഒരു മിനിറ്റ് മൗനം ആചരിച്ചാണ് ചടങ്ങിന് തുടക്കമിട്ടത്. എടവണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിന്റ് ടി അഭിലാഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എ ശ്രീകുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം സുധീര്‍കുമാര്‍ ഐ.എം വിജയന്‍,ആസിഫ് സഹീര്‍, ഓപറേഷന്‍ മാനേജര്‍ സൈനുദ്ദീന്‍ കക്കാട്ടില്‍ സംസാരിച്ചു. ടീം കോച്ച് ഷാജിറുദ്ദീന്‍ കോപ്പിലാന്‍, മീഡിയാ മാനേജര്‍ ടി. പി ജലാല്‍, ടീം മാനേജര്‍ ജുവല്‍ ജോസ്, ഫിസിക്കല്‍ ട്രൈനര്‍ പി വിവേക്, ഫിസിയോ പി അനസ്, വേക് അപ്പ് അക്കാദമി മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കപ്പൂര്‍, പങ്കെടുത്തു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം ലീഗിലെ ബിര്‍ ഷോട്ട്, യു.എ.ഇയിലെ അല്‍ഹിലാല്‍ യുണൈറ്റഡുമാണ് യുണൈറ്റഡ് വേള്‍ഡിന്റെ മറ്റു ക്ലബ്ബുകള്‍. ആദ്യഘട്ടത്തില്‍ കേരള പ്രീമിയര്‍ ലീഗും പിന്നീട് ഐലീഗ്,ഐ.എസ്.എല്‍ ചാംപ്യന്‍ഷിപ്പുകളിലും ടീം കളത്തിലിറങ്ങും.
Img 20210115 Wa0030