ബംഗ്ലാദേശിനു മുന്നിൽ ഇന്ത്യ വിറച്ചു, അവസാനം സമനില നേടി രക്ഷപ്പെട്ടു

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഞെട്ടി എന്ന് തന്നെ പറയാം. വിജയിക്കുമെന്ന് ഉറപ്പിച്ച് ഇറങ്ങിയ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെതിരെ കഷ്ടപ്പെട്ടാണ് പരാജയത്തിൽ നിന്ന് രക്ഷപ്പെട്ടത്. കളിയുടെ 88 മിനുട്ട് വരെ പിന്നിട്ടു നിന്ന ഇന്ത്യ അവസാനം നടത്തിയ തിരിച്ചടിയിലൂടെയാണ് 1-1 എന്ന സമനില പിടിച്ചത്. ഖത്തറിനെ വിറപ്പിച്ച ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ അരലക്ഷത്തിനു മേൽ വരുന്ന സ്വന്തം കാണികകൾക്ക് മുന്നിലാണ് സമനില വഴങ്ങിയത്.

ആദ്യ പകുതിയുടെ അവസാനം ഗോൾകീപ്പർ ഗുർപ്രീതിന് പറ്റിയ അബദ്ധത്തിൽ നിന്നായിരുന്നു ബംഗ്ലാദേശിന്റെ വിജയ ഗോൾ പിറന്നത്. 42ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് പിറന്ന ഒരു ക്രോസ് കൈക്കലാക്കുന്നതിൽ ഗുർപ്രീത് തീർത്തും പരാജയപ്പെടുകയായിരുന്നു‌‌. അത് മുതലാക്കി സാദ് ഉദ്ദീൻ ആണ് ഹെഡറിലൂടെ ഗോൾ നേടിയത്.

ആശിഖ്, ഛേത്രി, ഉദാന്ത, മൻവീർ എന്നിവരെയൊക്കെ അറ്റാക്കിൽ ഇറക്കിയിട്ടും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആദ്യ പകുതിയുൽ ഇന്ത്യക്ക് ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ഇന്ത്യ തീർത്തും അറ്റാക്കിലേക്ക് തിരിഞ്ഞു. ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഒന്ന് പോലും ഗോളായി മാറിയില്ല. കളിയുടെ 89ആം മിനുട്ടിലാണ് ഇന്ത്യയുടെ സമനില ഗോൾ വന്നത്. ഒരു കോർണറിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ ആദിൽ ഖാനാണ് ഇന്ത്യയുടെ രക്ഷകനായത്.

അവസാന നിമിഷങ്ങളിൽ വിജയ ഗോളിനായി ആഞ്ഞു ശ്രമിച്ചു എങ്കിൽ വിജയം നേടാൻ ഇന്ത്യക്ക് ആയില്ല. ഇന്ത്യക്ക് ഈ സമനില വലിയ നിരാശ നൽകും. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യക്ക് ഒരു വിജയം വരെ ഇപ്പോൾ ഇല്ല. ആകെ രണ്ടു പോയന്റ് മാത്രമേ ഇപ്പോൾ ഇന്ത്യക്ക് ഉള്ളൂ.