ഇന്ത്യൻ ഫുട്ബോളിന് ഇനി ക്രൊയേഷ്യൻ തന്ത്രങ്ങൾ, പുതിയ പരിശീലകൻ ആരെന്ന് തീരുമാനമായി

- Advertisement -

കോൺസ്റ്റന്റൈൻ രാജിവെച്ചതിനു ശേഷം ആര് എന്ന ചോദ്യത്തിന് അവസാനമാകുന്നു. അവസാന കുറച്ച് മാസങ്ങളായി പരിശീലകൻ ഇല്ലാതെ കഴിയുന്ന ഇന്ത്യൻ ഫുട്ബോളിനെ നയിക്കാൻ പുതിയ പരിശീലകനെ ഇന്ത്യ കണ്ടെത്തി. എ ഐ എഫ് എഫ് ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന നാലു പേരിൽ നിന്ന് അവസാന പേർ തിരഞ്ഞെടുത്തു കഴിഞ്ഞു. ക്രൊയേഷ്യൻ പരിശീലകനായ ഇഗോർ സ്റ്റിമാക്ക് ആയിരിക്കും ഇനി ഇന്ത്യൻ ഫുട്ബോളിനെ നയിക്കുക. ഇന്ന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട നാലു പേരുമായും എ ഐ എഫ് എഫ് അഭിമുഖം നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഇഗോറിനെ തിരഞ്ഞെടുത്തത്.

ക്രൊയേഷ്യൻ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് സ്റ്റിമാക്. 2012-13 കാലഘട്ടത്തിൽ ആയിരുന്നു അദ്ദേഹം ക്രൊയേഷ്യയുടെ പരിശീലകനായത്. അവസാനമായി ഖത്തർ ക്ലബായ അൽ ഷഹാനിയയിൽ ആയിരുന്നു സ്റ്റിമാക് പ്രവർത്തിച്ചത്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.

ക്രൊയേഷ്യയുടെ ഇതിഹാസ ഫുട്ബോൾ താരം കൂടിയാണ് സ്റ്റിമാക്. 1998ൽ ക്രൊയേഷ്യ ലോകകപ്പിൽ മൂന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ ഇദ്ദേഹം ആ ടീമിനൊപ്പം കളിക്കാരനായി ഉണ്ടായിരുന്നു. ഡിഫൻഡറായിരുന്ന സ്റ്റിമാക് ക്രൊയേഷ്യക്കായി 50ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാം, ഡെർബി കൗണ്ടി തുടങ്ങിയ ഇംഗ്ലീഷ് ക്ലബുകൾക്കായും കളിച്ചിട്ടുണ്ട്.

മുൻ ബെംഗളൂരു എഫ് സി പരിശീലകനായ ആൽബർട്ട് റോക, മുൻ കൊറിയൻ പരിശീലകൻ ലീ മിൻ സുംഗ്, സ്വീഡന്റെ പരിശീലകനായിരുന്ന ഹകാൻ എറിക്സൺ, എന്നിവരെ മറികടന്നാണ് സ്റ്റിമാക് ഇന്ത്യൻ കോച്ചാകുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മെയ് അവസാന വാരത്തോടെ ദേശീയ ക്യാമ്പ് ആരംഭിക്കാൻ ഉള്ളതിനാൽ നിയമനം വേഗത്തിൽ ആക്കാൻ ആണ് എ ഐ എഫ് എഫ് ശ്രമിക്കുന്നത്. ജൂൺ ആദ്യ വാരം നടക്കുന്ന കിംഗ്സ് കപ്പാകും ഇഗോർ സ്റ്റിമാകിന്റെ ആദ്യ ചുമതല.

Advertisement