കഴിഞ്ഞ ബലോൺ ഡി ഓർ വോട്ടെടുപ്പിൽ തന്റെ വോട്ട് താൻ മോഡ്രിച്ചിന് പകരം റൊണാൾഡോക്ക് ചെയ്യുമായിരുന്നെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയ്ൻ റൂണി. റൊണാൾഡോയെ മറികടന്നാണ് മോഡ്രിച്ച് കഴിഞ്ഞ തവണത്തെ ബലോൺ ഡി ഓർ പുരസ്ക്കാരം ജയിച്ചത്. റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയതും ക്രോയേഷ്യയെ ലോകകപ്പ് ഫൈനലിൽ എത്തിച്ചതുമാണ് മോഡ്രിച്ചിന് അവാർഡിന് അർഹനാക്കിയത്.
നേരത്തെ തനിക്കായിരുന്നു അവാർഡ് ലഭിക്കേണ്ടതെന്ന് റൊണാൾഡോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ താരം കൂടിയായ റൂണിയുടെ പ്രസ്താവന. മോഡ്രിച്ച് മികച്ച താരമാണെന്നും എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച താരമല്ലെന്നും റൂണി പറഞ്ഞു. അതെ സമയം മോഡ്രിച്ചിന് 2018 മികച്ച വർഷമായിരുന്നെന്നും റൂണി കൂട്ടിച്ചേർത്തു. താൻ വോട്ട് ചെയ്യുകയായിരുന്നെങ്കിൽ താൻ റൊണാൾഡോക്കാണ് ചെയ്തിട്ടുണ്ടാവുകയെന്നും എന്നാൽ മോഡ്രിച് അത് അർഹിച്ചിരുന്നെന്നും റൂണി പറഞ്ഞു.