വിജയങ്ങൾക്ക് പിന്നാലെ വിവാദം, മൊഹമ്മദൻസ് പരിശീലകൻ യാൻ ലോ പുറത്ത്!!!

Newsroom

ഇന്ത്യൻ ഫുട്ബോൾ പുനരാരംഭിച്ചതിനു പിന്നാലെ വിവാദങ്ങളും എത്തിയിരിക്കുകയാണ്. ഐ ലീഗ് യോഗ്യത റൗണ്ടിൽ തുടർച്ചയായ രണ്ട് വിജയങ്ങൾ നേടിയതിന് പിന്നാലെ പരിശീലകനെ പുറത്താക്കിയിരിക്കുകയാണ് മൊഹമ്മദൻസ്. മാനേജ്മെന്റും യാൻ ലോയും തമ്മിലുള്ള പ്രശ്നങ്ങൾ ആണ് പുറത്താക്കലിൽ എത്തിച്ചിരിക്കുന്നത്. മുൻ മിനേർവ പഞ്ചാബ് പരിശീലകനായിരുന്നു യാൻ.

മിനേർവയുടെ ഉടമയായ രഞ്ജിത്ത് ബജാജുമായി ചേർന്ന് ഫലങ്ങളെ സ്വാധീനിക്കാൻ പ്രവർത്തിക്കുന്നു എന്ന് ആരോപിച്ചാണ് യാൻ ലോയെ പുറത്താക്കിയത്. തന്റെ ടീം ഇല്ലാഞ്ഞിട്ടും മൊഹമ്മദൻസ് താരങ്ങൾ താമസിക്കുന്ന ഹോട്ടലിൽ വന്ന് രഞ്ജിത്ത് ബജാജ് താമസിക്കുന്നത് മൊഹമ്മദൻസിന്റെ മത്സരങ്ങളെ സ്വാധീനിക്കാൻ ആണ് എന്നാണ് ക്ലബ് പറയുന്നത്. അതുകൊണ്ട് തന്നെ ബജാജുമായി അടുപ്പമുള്ള യാൻ ലോയെ ടീമിൽ നിർത്താൻ കഴിയില്ല എന്നും ക്ലബ് പറയുന്നു. എന്തായാലും ഐ ലീഗ് പ്രവേശനം ലക്ഷ്യം വഹിച്ച് വൻ ടീം ഒരുക്കിയ മൊഹമ്മദൻസിന് ഈ വിവാദങ്ങൾ വലിയ തിരിച്ചടിയാകും. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവുമായി ഒപ്പോൾ ഐലീഗ് യോഗ്യത റൗണ്ടിൽ ഒന്നാമത് നിൽക്കുകയാണ് മൊഹമ്മദൻസ്.